ദത്ത് വിവാദം ; എല്ലാം നിയമപരമെന്ന് ഷിജു ഖാന്‍

അമ്മയറിയാതെ വീട്ടുകാര്‍ കടത്തിക്കൊണ്ടു പോയ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ വനിത ശിശു വികസന ഡയറക്ടര്‍ ശിശുക്ഷേമ സെക്രട്ടറി ഷിജു ഖാനില്‍ നിന്ന് വിവരങ്ങള്‍ തേടുന്നു. ഷിജു ഖാനെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് വിവരങ്ങള്‍ ആരായുന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയതെന്ന ആക്ഷേപം ഷിജു ഖാനെതിരെ ഉയര്‍ന്നിരുന്നു. ഷിജു ഖാനെ നേരില്‍ കണ്ടപ്പോള്‍ തങ്ങളെ വഴി തിരിച്ചു വിടുന്ന സമീപനം ഉണ്ടായെന്ന് അനുപമ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വനിത ശിശു വികസന ഡയറക്ടര്‍ ഷിജു ഖാനെ വിളിച്ചു വരുത്തിയത്.

ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ നിന്നാണ് കുട്ടിയെ ലഭിച്ചതെന്നാണ് ശിശുക്ഷേമ സമിതി പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടിലുളളത്. ഇതിന്റെ വസ്തുതകളും പരിശോധിക്കുന്നുണ്ട്. ദത്ത് വിവാദത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുത്തിരുന്നു. മന്ത്രി വീണാ ജോര്‍ജ് സംസ്ഥാന ശിശു വികസന ഡയറക്ടറെ ഇതിനായി ചുമതലപ്പെടുത്തി. ദത്ത് നടപടിയില്‍ ഏതൊക്കെ വീഴ്ചകളാണ് നടന്നിട്ടുള്ളതെന്നാണ് അന്വേഷിക്കുന്നത്. അതേസമയം കുഞ്ഞിനെ ദത്ത് നല്‍കിയത് എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്നാണ് ശിശുക്ഷേമ സെക്രട്ടറി ഷിജു ഖാന്‍. എല്ലാം നിയമപരമായിരുന്നു. ഔദ്യോഗികപരമായ കാര്യങ്ങളായതിനാല്‍ പുറത്തുപറയാനാവില്ലെന്നും വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ഷിജു ഖാന്‍ വനിതാ ശിശുക്ഷേമസമിതി ഡയറക്ടര്‍ക്ക് മൊഴി നല്‍കിയ ശേഷം പറഞ്ഞു.