പാക്കിസ്ഥാന് എതിരെ ഇന്ത്യ കളി തോറ്റു ; ഷമിക്ക് എതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം
ടി 20 വേള്‍ഡ് കപ്പില്‍ ഇന്ത്യ പാക്കിസ്ഥാന് മുന്നില്‍ തോറ്റതിന്റെ കുറ്റം മുഴുവന്‍ മുഹമ്മദ് ഷമി എന്ന ബോളറിന്റെ ചുമലില്‍ കെട്ടി വെയ്ക്കുകയാണ് സൈബര്‍ ലോകം. വളരെ മോശമായ രീതിയിലാണ് ഷമിക്ക് എതിരെ പോസ്റ്റുകള്‍ വരുന്നത്. ഒരു മുസ്ലിം പാകിസ്താനോടൊപ്പം നില്‍ക്കുന്നു, എത്ര പണം കിട്ടി തുടങ്ങി അധിക്ഷേപിക്കുകയാണ് സോഷ്യല്‍ മീഡിയയിലുടനീളം. പാകിസ്ഥാനെതിരെ 3.5 ഓവര്‍ എറിഞ്ഞ ഷമി 43 റണ്‍സാണ് വിട്ടുകൊടുത്തത്. ആദ്യ മൂന്ന് ഓവറില്‍ 26 മാത്രമാണ് ഷമി നല്‍കിയിരുന്നത്. എന്നാല്‍ 18-ാം ഓവര്‍ എറിയാനെത്തിയ ഷമി 17 റണ്‍സ് വഴങ്ങി. പാകിസ്ഥാന്‍ അനായാസമായി ജയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഷമിയുടെ ദേശീയതും മതവും ചോദ്യം ചെയ്യുന്ന രീതിയില്‍ ട്വീറ്റുകളും പോസ്റ്റുകളും വന്നത്.
അതേസമയം ഷമിക്ക് പിന്തുണയുമായി മുന്‍ കളിക്കാര്‍ രംഗത്ത് വന്നു. പാകിസ്താനോട് ഇതിന് മുമ്പ് പരാജയപ്പെട്ടപ്പോള്‍ താന്‍ ആ ടീമിന്റെ ഭാഗമായിരുന്നെന്നും അന്ന് തന്നോട് ആരും പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞില്ലെന്ന് ഇര്‍ഫാന്‍ പത്താന്‍ ട്വീറ്റ് ചെയ്തു. ” ഞാന്‍ സംസാരിക്കുന്നത് കുറച്ചു നാളുകള്‍ മുന്നേയുള്ള കാര്യമാണ്, പാകിസ്താനോട് ഇന്ത്യ പരാജയപ്പെട്ട പല മത്സരങ്ങളിലും ഞാന്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു, അന്ന് പക്ഷേ എന്നോട് ആരും പാകിസ്താനില്‍ പോകാന്‍ പറഞ്ഞിരുന്നില്ല, ഈ അധിക്ഷേപം അവസാനിപ്പിക്കേണ്ടതാണ്”- ഇതായിരുന്നു പത്താന്റെ ട്വീറ്റ്.
ഷമിക്കെതിരെ നടക്കുന്ന ഓണ്‍ലൈന്‍ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും ഞങ്ങള്‍ അവനൊപ്പം നില്‍ക്കുന്നുവെന്നും സെവാഗ് ട്വീറ്റ് ചെയ്തു. ”ഷമിക്കെതിരെ നടക്കുന്ന ഓണ്‍ലൈന്‍ ആക്രമണം ഞെട്ടിപ്പിക്കുന്നതാണ്. ഞങ്ങള്‍ അവനൊപ്പം നില്‍ക്കുന്നു. അവനൊരു ചാംപ്യന്‍ ബൗളറാണ്. ഇന്ത്യയുടെ തൊപ്പി ധരിക്കുന്ന ഓരോ താരത്തിന്റെ ഹൃദയത്തിലും ഇന്ത്യയുണ്ട്. ആ ദേശസ്‌നഹമൊന്നും വിദ്വേഷ കമന്റുകളിടുന്നവര്‍ക്കില്ല. ഷമിക്കൊപ്പം”- ഇങ്ങനെയായിരുന്നു സെവാഗിന്റെ ട്വീറ്റ്. ഷമിക്ക് പിന്തുണയുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രംഗത്ത് എത്തി. ഷമിക്ക് പിന്തുണ നല്‍കേണ്ടത് ഇന്ത്യന്‍ ടീമിന്റെ കടമയാണെന്നായിരുന്നു ഒമറിന്റെ ട്വീറ്റ്. പാകിസ്ഥാനോട് പരാജയപ്പെട്ട ഇന്ത്യന്‍ ടീമിലെ ഒരു താരമാണ് ഷമി. അദ്ദേഹം മാത്രമല്ല, ടീമിലുണ്ടായിരുന്നത്. സമൂഹ മാധ്യങ്ങളില്‍ അധിക്ഷേപം നേരിട്ട ഷമിക്കൊപ്പം ടീം ഇന്ത്യ നില്‍ക്കേണ്ടതുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഇന്ത്യ ബ്ലാക്ക് ലൈവ്‌സ് മാറ്റേഴ്‌സിന് ഇന്ത്യന്‍ ടീം പിന്തുണ നല്‍കുന്നതില്‍ യുക്തിയില്ലെന്നായിരുന്നു ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്.