ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി സമീര്‍ വാങ്കഡ പണം തട്ടി

എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡയ്ക്ക് എതിരെ ഗുരുതരമായ ആരോപണങ്ങള്‍. എന്‍സിബി ഉദ്യോഗസ്ഥന്‍ ആണ് ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തി എന്ന തരത്തിലാണ് റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. പേര് വെളിപ്പെടുത്താതെയാണ് എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്. സമീര്‍ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നതടക്കമുള്ള ആരോപണങ്ങളുള്ള കത്ത് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കാണ് പുറത്തുവിട്ടത്. നടി ദീപിക പദുകോണ്‍, രാകുല്‍ പ്രീത്, ശ്രദ്ധ കപൂര്‍, അര്‍ജുന്‍ രാംപാല്‍ തുടങ്ങിയ താരങ്ങളെ ലഹരിമരുന്ന് കേസില്‍ ഭീഷണിപ്പെടുത്തി പണം തട്ടി. അഭിഭാഷകനായ അയാസ് ഖാന്‍ മുഖേനയാണ് പണം കൈപറ്റിയിരുന്നത്. തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയാരുന്നു തട്ടിപ്പ്.

ലഹരിമരുന്ന് ഇടപാടുകാരുമായി സമീര്‍ വാങ്കഡെയ്ക്ക് ബന്ധമുണ്ട്. ലഹരിമരുന്ന് ഇടപാടുകാരില്‍ നിന്ന് വാങ്ങിയ ലഹരിമരുന്നാണ് തൊണ്ടിയായി പിടിക്കുന്നത്. ഇങ്ങനെയുള്ള 26 കേസുകളുടെ വിവരങ്ങള്‍ കത്തില്‍ പറയുന്നു. സമീര്‍ വാങ്കഡെയ്‌ക്കൊപ്പം കഴിഞ്ഞ രണ്ടു വര്‍ഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍ എന്ന പേരിലാണ് കത്ത്. കത്ത് എന്‍സിബി തലവന് കൈമാറുമെന്ന് മന്ത്രി നവാബ് മാലിക്ക് അറിയിച്ചു.എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഗഡെ അടക്കം ചേര്‍ന്ന് ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്ന് സാക്ഷിയായ പ്രഭാകര്‍ സെയ്ല്‍ ആരോപിച്ചിരുന്നു. കേസിലെ സാക്ഷിയുടെ വെളിപ്പെടുത്തതില്‍, തനിക്കെതിരെ നിയമനടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പിക്കണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസ് കമ്മിഷണര്‍ക്ക് സമീര്‍ വാങ്കഡ കത്ത് നല്‍കിയിരുന്നു.

സാക്ഷിയുടെ വെളിപ്പെടുത്തലുകള്‍ നിഷേധിച്ച എന്‍സിബി സാക്ഷിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ കോടതിയെ സമീപിക്കണമായിരുന്നുവെന്നും മാധ്യമങ്ങളിലൂടെ അല്ല പറയേണ്ടിയിരുന്നതെന്നും വ്യക്തമാക്കി വാര്‍ത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു. പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നു സമീര്‍ വാങ്കഡയെന്നാണ് സാക്ഷിയായ പ്രഭാകര്‍ സെയ്ല്‍ ആരോപിച്ചത്. ഇതിനായി കേസിലെ മറ്റൊരു സാക്ഷിയായ കിരണ്‍ ഗോസാവി ഷാരൂഖിന്റെ മാനേജറെ അറസ്റ്റിന് പിറ്റേന്ന് കണ്ടു. കിരണ്‍ ഗോസാവിയെന്ന മറ്റൊരു സാക്ഷി കസ്റ്റഡിയിലുള്ള ആര്യന്‍ ഖാനെ കൊണ്ട് ഫോണില്‍ സംസാരിപ്പിക്കുന്ന വീഡിയോയും പ്രഭാകര്‍ പുറത്തുവിട്ടു.

കപ്പലില്‍ നടന്ന റെയ്ഡില്‍ താന്‍ സാക്ഷിയല്ലെന്നും എന്‍സിബി ഓഫീസില്‍ വച്ച് സമീര്‍ വാങ്കഡെ തന്നെ ഭീഷണിപ്പെടുത്തി ചില പേപ്പറുകളില്‍ ഒപ്പ് വെപ്പിക്കുകയായിരുന്നുവെന്നുമാണ് പ്രഭാകര്‍ സെയ്‌ലിന്റെ വെളിപ്പെടുത്തല്‍. അറസ്റ്റിന് പിറ്റേന്ന് പുലര്‍ച്ചെ തന്നെ കിരണ്‍ ഗോസാവി ഷാരൂഖ് ഖാന്റെ മാനേജറെ കാണാന്‍ പോയി. പോവുന്നതിനിടയ്ക്ക് കാറില്‍ വച്ച് സാം ഡിസൂസയെന്നൊരാളുമായി കിട്ടാന്‍ പോവുന്ന പണത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടെന്ന് പ്രഭാകര്‍ പറയുന്നു. 25 കോടി ചോദിക്കാം. 18 കിട്ടും. അതില്‍ 8 സമീര്‍ വാംഗഡെയ്ക്ക് നല്‍കാം ഇതായിരുന്നു വാക്കുകള്‍. പിന്നീടൊരു ദിവസം സാം ഡിസൂസയ്ക്ക് ഗോസാവി തന്ന 38 ലക്ഷം കൊടുത്തുവെന്നും പ്രഭാകര്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം മയക്കുമരുന്ന കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍. കേസിലെ സാക്ഷികളുമായി തനിക്ക് ഒരു ബന്ധവുമില്ല. ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമം ഉണ്ടായെന്ന ആരോപണവും ആര്യന്‍ ഖാന്‍ നിഷേധിച്ചു.
ജാമ്യേപേക്ഷ പരിഗിണിക്കുന്നതിനു മുമ്പായി ആര്യന്‍ ഖാന്‍ ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ആരോപണങ്ങള്‍ നിഷേധിച്ചിരിക്കുന്നത്.