ഇരുചക്ര വാഹനത്തില്‍ കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധം , ഡ്രൈവറേയും കുട്ടിയേയും ബന്ധിപ്പിച്ച് ബെല്‍റ്റ് ; 40 കിലോമീറ്ററിന് മുകളിലുള്ള വേഗത്തില്‍ യാത്ര ചെയ്താലും കേസ്
രാജ്യത്തെ ഇരു ചക്ര വാഹന യാത്രക്കാരെ കൂടുതല്‍ കഷ്ടത്തില്‍ തള്ളിയിടാനുള്ള നടപടികളുമായി കേന്ദ്രം. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നാലു വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാനാണ് നിര്‍ദേശം. വാഹനമോടിക്കുന്നയാളെയും കുട്ടിയേയും ബന്ധിപ്പിച്ചുകൊണ്ട് ബെല്‍റ്റുണ്ടാകണമെന്നും നിര്‍ദേശമുണ്ട്. കുട്ടികളുമായി യാത്രചെയ്യുമ്പോള്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ യാത്ര പാടില്ലെന്നും കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശത്തില്‍ പറയുന്നു.
നിയമത്തിന്റെ കരടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വാഹനാപകടത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് കേന്ദ്രത്തിന്റെ നടപടി. ഒരു വര്‍ഷത്തിനുള്ളില്‍ നിയമത്തിന്റെ അന്തിമരൂപം പുറത്തിറക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. കുട്ടികളുടെ നെഞ്ചിന് സുരക്ഷ നല്‍കും വിധമുള്ള ബെല്‍റ്റാണ് ഉപയോഗിക്കുക. കവചത്തിന് സമാനമായ ബെല്‍റ്റ് വാഹനം ഓടിക്കുന്ന ആളിന്റെ തോളിലൂടെ ഘടിപ്പിക്കണം. ബെല്‍റ്റ് ഭാരം കുറഞ്ഞതും അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്നതും വാട്ടര്‍പ്രൂഫുമാകണം.ദീര്‍ഘനാള്‍ ഈടുനില്‍ക്കുന്ന ഗുണമേന്മയുള്ളതാകണം. 30 കിലോ വരെ ഭാരം വഹിക്കാന്‍ കഴിയണം. നൈലോണില്‍ നിര്‍മ്മിച്ചതാകണമെന്നും നിബന്ധനയുണ്ട്. അതേസമയം മികച്ച റോഡുകള്‍ ഒരുക്കാതെ സാധാരണക്കാര്‍ക്ക് മുകളില്‍ ഇത്തരം നിയമങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത് ഏറെ പേര്‍ ചോദ്യം ചെയ്യുന്നുണ്ട്.