കാമുകന്റെ വീട്ടില്‍ നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യഥാര്‍ത്ഥ പ്രതി പിടിയില്‍

പത്തനംതിട്ട കോട്ടാങ്ങലില്‍ രണ്ടു വര്‍ഷം മുമ്പ് കാമുകന്റെ വീട്ടില്‍ നഴ്‌സിനെ തൂങ്ങി മരിച്ച നലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത് യുവതിയുടെ കാമുകനല്ലെന്നും വീട്ടിലെത്തിയ തടിക്കച്ചവടക്കാരന്‍ ആണെന്നുമാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കേസില്‍ പ്രതിയായ മല്ലപ്പള്ളി കൊട്ടാങ്ങല്‍ പുളിമീട്ടില്‍ വീട്ടില്‍ നസീറിന്റെ(39) അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. 2019 ഡിസംബര്‍ 15നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 25കാരിയായ നഴ്‌സിനെ കാമുകന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ കാമുകനായ യുവാവിനെതിരെ ആയിരുന്നു പൊലീസ് അന്വേഷണം. കാമുകന്‍ യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം ഉയര്‍ന്നത്.

ഈ സംഭവത്തില്‍ മരിച്ച യുവതിയുടെ കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചത് അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു. അന്ന് യുവാവിനെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് കാമുകന്‍ തന്നെ നടത്തിയ നിയമപോരാട്ടത്തിലാണ് ഇപ്പോള്‍ യഥാര്‍ഥ വസ്തുത പുറത്തുവന്നത്. സംഭവത്തില്‍ അന്വേഷണം ഏറ്റെടുത്ത പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചാണ് യഥാര്‍ഥ പ്രതിയെ കണ്ടെത്തിയത്. ഭര്‍ത്താവിനെ ഉപേക്ഷിച്ച് ആറുമാസമായി ഓട്ടോ ഡ്രൈവറായ കാമുകന്റെ വീട്ടിലായിരുന്നു അന്ന് നഴ്‌സ് താമസിച്ചിരുന്നത്. സംഭവദിവസം കാമുകനും അച്ഛനും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറിയാണ് യുവതിയെ നസീര്‍ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ തടിക്കച്ചവടത്തിന് എത്തിയതായിരുന്നു ഇയാള്‍. വീട്ടില്‍ മറ്റാരും ഇല്ലെന്ന് മനസിലാക്കിയതോടെയാണ് ഇയാള്‍ അതിക്രമിച്ചു കയറിയത്.

യുവതിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ തല ഭിത്തിയില്‍ ഇടിച്ച് ബോധരഹിതയായി. ഈ സമയം യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും, അതിനുശേഷം മേല്‍ക്കൂരയിലെ ഹൂക്കില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. യുവതിയെ കടന്നുപിടിക്കാനുള്ള ശ്രമത്തിനിടെ വീണ നഴ്സിന്റെ തല കട്ടിലില്‍ ഇടിച്ച് ബോധം നഷ്ടപ്പെട്ടു. പിടിവലിക്കിടെ മാരകമായ 50ലേറെ മുറിവുകളാണ് ശരീരത്തില്‍ ഉണ്ടായിരുന്നത്. യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ, ഇന്‍ക്വസ്റ്റിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ബലാത്സംഗത്തിന് ഇരയായെന്ന് തെളിഞ്ഞിരുന്നു. ഇതോടെയാണ് യുവതിയുടെ ബന്ധുക്കള്‍ ഓട്ടോ ഡ്രൈവറായ കാമുകനെതിരെ പരാതി നല്‍കിയത്. ഈ പരാതിയില്‍ പെരുമ്പെട്ടി എസ്ഐയായിരുന്ന ഷെരീഫ് യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദിച്ച് അവശനാക്കിയത് വലിയ വിവാദമായിരുന്നു. ചോര ഛര്‍ദിച്ച് ആശുപത്രിയിലായ യുവാവ് ഡിസ്ചാര്‍ജായ ശേഷം നടത്തിയ നിയമപോരാട്ടമാണ് ഇപ്പോള്‍ കേസില്‍ വഴിത്തിരിവായത്. അതിനിടെ എസ്‌ഐയ്‌ക്കെതിരെ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ കേസില്‍ സസ്‌പെന്‍ഷനിലായ എസ്‌ഐയ്‌ക്കെതിരെ ഇപ്പോഴും അന്വേഷണം നടക്കുകയാണ്.