മുല്ലപ്പരിയാറിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്തുവാന്‍ തയ്യാറായി തമിള്‍ നാട്
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138 അടിയില്‍ നിര്‍ത്താന്‍ സമ്മതിച്ചു തമിഴ്നാട്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ കേരളം ആവശ്യപ്പെട്ടത് 137 അടിയായി ജലനിരപ്പ് നിലനിര്‍ത്താനായിരുന്നു. തമിഴ്നാടിന്റെ ആവശ്യം 142 അടിയായി ഉയര്‍ത്തണമെന്നായിരുന്നു. ഒടുവില്‍ ജലനിരപ്പ് 138 അടിയിലെത്തിയാല്‍ സ്പില്‍വേ വഴി ജലമൊഴുക്കി വിടാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം 2018 ല്‍ സുപ്രീം കോടതി നിര്‍ദേശിച്ച ജലനിരപ്പ് 139.99 അടിയായിരുന്നു. ഇതും യോഗത്തില്‍ കേരളം ചൂണ്ടിക്കാട്ടി.
നിലവില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ലഭിച്ചാല്‍ ജലനിരപ്പ് ഉയരാന്‍ ഇടയാക്കും. പ്രത്യേകിച്ചും കേരളത്തില്‍ തുലാവര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ജലനിരപ്പ് ഇനിയുമുയരും. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിച്ച് ജലം ഒഴുക്കിക്കളയേണ്ട അവസ്ഥ വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെ കൂടുതല്‍ ജലം ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു.
വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ ഉന്നതതല സമിതി യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഐഎഎസ് പങ്കെടുത്തു. അഡിഷണല്‍ ചീഫ് സെക്രട്ടറി (പിഡബ്ല്യുഡി, തമിഴ്നാട് പ്രതിനിധി) സന്ദീപ് സക്സേന ഐഎഎസ്, കേന്ദ്ര ജലകമ്മിഷന് അംഗവും മുല്ലപ്പെരിയാര്‍ ഉന്നതതല സമിതി ചെയര്‍മാനുമായ ഗുല്‍ഷന്‍ രാജ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.