വീട്ടുകാരറിയാതെ 17 കാരി ബെഡ്റൂമില്‍ പ്രസവിച്ചു ; പ്രസവത്തിന് സഹായകമായത് യൂട്യൂബ്

പതിനേഴുകാരി വീട്ടില്‍ പ്രസവിച്ചു. യു ട്യൂബ് വീഡിയോ നോക്കിയാണ് പരസഹായമില്ലാതെ പ്ലസ് ടു വിദ്യാര്‍ഥിനി പ്രസവിച്ചത്. നവജാത ശിശുവിന്റെ കരച്ചില്‍ കേട്ടാണ് വീട്ടുകാര്‍ പോലും ഇക്കാര്യം അറിഞ്ഞത്. പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ അയല്‍വാസിയായ 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോട്ടക്കലിലാണ് സംഭവം. ഈ മാസം 20നാണ് വീട്ടുകാരറിയാതെ പെണ്‍കുട്ടി മുറിയില്‍ പ്രസവിച്ചത്. മൂന്നുദിവസത്തിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്. പോക്സോ വകുപ്പുകള്‍ ചുമത്തി യുവാവിനെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ പിതാവ് സുരക്ഷ ജോലിക്കാരന്‍ ആണ്. രാത്രി ഡ്യൂട്ടി ആണ് പതിവ്. അമ്മയുടെ കണ്ണിന് കാഴ്ച സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ട്. വിവാഹിതയായ സഹോദരിയും വിദ്യാര്‍ത്ഥിയായ സഹോദരനും വീട്ടില്‍ വരാറും ഇല്ല.

ഓണ്‍ലൈന്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് ഗര്‍ഭിണി ആയത് മുതല്‍ പെണ്‍കുട്ടി റൂമില്‍ നിന്നും പുറത്തിറങ്ങിയിരുന്നില്ല. ആദ്യ സമയത്ത് ഒരിക്കല്‍ ആശുപത്രിയില്‍ പോയപ്പോള്‍ ഇത് തിരിച്ചറിയുകയും ചെയ്തില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ പഠനത്തിന്റെ മറവില്‍ വീടിനുളില്‍ കുട്ടികള്‍ ഒളിക്കാന്‍ തുടങ്ങിയത് ഉണ്ടാക്കുന്ന സാമൂഹ്യ പ്രത്യാഘാതങ്ങള്‍ എത്ര മാത്രം ഗുരുതരം ആണെന്നതിലേക്ക് കൂടി വിരല്‍ ചൂണ്ടുക ആണ് ഈ സംഭവം. ഗര്‍ഭം മറച്ചുവെച്ച പെണ്‍കുട്ടി യുട്യൂബില്‍ നോക്കിയാണ് ഗര്‍ഭകാല പരിചരണവും പ്രസവമെടുക്കലും നടത്തിയത്. പൊക്കിള്‍ കൊടി മുറിക്കലടക്കമുള്ള വിവരങ്ങള്‍ യൂട്യൂബില്‍ നിന്നാണ് പഠിച്ചത്. വീട്ടുകാര്‍ പോലും അറിയാതെയാണ് എല്ലാം നടന്നെതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തിറഞ്ഞത്. ഇതേ തുടര്‍ന്ന് കുട്ടിയേയും കുഞ്ഞിനേയും മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.