കേരളത്തില്‍ കഞ്ചാവ് ഉപയോഗം കൂടി ; മദ്യ വില്പന കുറഞ്ഞു

കേരളത്തില്‍ ലഹരി ഉപയോഗം കൂടുകയും മദ്യ വില്‍പന കുറയുകയും ചെയ്തതായി എക്‌സൈസ് മന്ത്രി. നിയമസഭയില്‍ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ലഹരി കേസുകളുടെ എണ്ണം വര്‍ധിച്ചു. ലോക് ഡൗണിന് ശേഷം സംസ്ഥാനത്ത് മദ്യവില്‍പന കുറഞ്ഞു. മദ്യത്തില്‍ വരുമാനം വര്‍ധിച്ചത് നികുതി കൂട്ടിയതുകൊണ്ടാണെന്നും എക്‌സൈസ് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ലഹരി കേസുകളുടെ എണ്ണം വര്‍ധിച്ചു. തൊണ്ടിയായി പിടിച്ചെടുക്കുന്ന ലഹരി വസ്തുക്കളുടെ അളവും കൂടി. ഇത് വ്യക്തമാക്കുന്നത് സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടി എന്നാണെന്ന് എക്‌സൈസ് മന്ത്രി പറഞ്ഞു.

ലഹരി മരുന്ന് കേസുകളില്‍ പിടിച്ചെടുക്കുന്ന തൊണ്ടി വസ്തുക്കളുടെ അളവ് അനുസരിച്ചാണ് കേസ് എടുക്കുന്നത്. അളവ് പുതുക്കി നിശ്ചയിക്കാന്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്‌തെന്നും മന്ത്രി അറിയിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാന്‍ എക്‌സസിന് അധികാരം നല്‍കാനും ഭേദഗതിക്കായി ശുപാര്‍ശ ചെയ്തതായും മന്ത്രി അറിയിച്ചു. 2016-17 ല്‍ വിറ്റത് 205.41 ലക്ഷം കെയ്‌സ് മദ്യവും 150.13 ലക്ഷം കെയ്‌സ് ബിയറുമായിരുന്നു. എന്നാല്‍ 2020 – 21 ല്‍ ഇത് 187.22 ലക്ഷവും 72.40 ലക്ഷവുമായി കുറഞ്ഞെന്നും എക്‌സൈസ് മന്ത്രി അറിയിച്ചു. പുതിയ മദ്യ വില്‍പന ശാലകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു. ഡോ. എം.കെ. മുനീറിന്റെ ചോദ്യത്തിന് എക്‌സൈസ് മന്ത്രി രേഖാമൂലമാണ് മറുപടി നല്‍കിയത്.