ആര്യന്‍ഖാന് ജാമ്യം
ലഹരിക്കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസ് നിതിന്‍ ഡബ്യൂ സാംബ്രെയാണ് ജാമ്യം അനുവദിച്ചത്.. ജാമ്യം അനുവദിക്കരുതെന്ന എന്‍സിബിയുടെ വാദം തള്ളിയാണ് കോടതി വിധി. നേരത്തെ രണ്ടു തവണ വിചാരണക്കോടതി ആര്യന് ജാമ്യം നിഷേധിച്ചിരുന്നു. ഒക്ടോബര്‍ മൂന്നിനായിരുന്നു ആര്യന്‍ ഖാന്‍ എന്‍സി ബി യുടെ കസ്റ്റഡിയിലാകുന്നത്.അതേസമയം ജാമ്യം നല്‍കിയ ഉത്തരവിന്റെ വിശദാംശം പുറത്തുവന്നിട്ടില്ല. ജാമ്യം ലഭിച്ചെങ്കിലും ആര്യന്‍ഖാനും മറ്റുള്ളവര്‍ക്കും ഇന്ന് ജയില്‍മോചിതരാകാന്‍ സാധിക്കില്ല. നാളെ മാത്രമായിരിക്കും ഇവര്‍ക്കും പുറത്തിറങ്ങാനാകുക.
കൂട്ടുകാരന്റെ പക്കല്‍ ചരസ് ഉണ്ടെന്ന് ആര്യന്‍ഖാന് അറിയാമായിരുന്നു. ആര്യന്‍ഖാന്റെ സുഹൃത്തിന്റെ ഷൂസിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചതെന്ന് എന്‍.സി.ബി വാദിച്ചു. ആര്യന്‍ഖാന്‍ മയക്കുമരുന്നിന് അടിമയാണെന്നും ആര്യന്‍ഖാന് ലഹരിവ്യാപാരികളുമായി അടുത്ത ബന്ധമുണ്ടെന്നും എന്‍.സി.ബി ബോംബെ ഹൈക്കോടതിയില്‍ വാദിച്ചെങ്കിലും ആര്യന്റെ കൈയ്യില്‍ നിന്ന് ലഹരി മരുന്ന് ലഭിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ ഇനിയും കസ്റ്റഡി കാലാവധി നീട്ടാനാകില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു.കൂട്ടുപ്രതികളായ ആര്യന്റെ സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ്,മോഡല്‍ മുണ്‍ മുണ്‍ ധമേച്ച എന്നിവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.
ഈ മാസം 3ന് ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെയാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്. മുംബൈയില്‍ നിന്നു ഗോവയിലേക്കു പുറപ്പെട്ട കോര്‍ഡിലിയ എന്ന കപ്പലിലായിരുന്നു ലഹരിവേട്ട. മുംബൈയില്‍നിന്നു കൊച്ചി വഴി ലക്ഷദ്വീപിലേക്കും സര്‍വീസ് നടത്തുന്ന കപ്പലാണിത്. രഹസ്യവിവരത്തെത്തുടര്‍ന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ യാത്രക്കാരെപോലെ കയറുകയായിരുന്നു. എന്‍സിബിയുടെ പ്രതികരണത്തെ എതിര്‍ക്കാന്‍ അപേക്ഷകനായ ആര്യന്‍ ഖാനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് കോടതിയില്‍ ഹാജരായത്. ‘1,300 പേര്‍ കപ്പലിലുണ്ടായിരുന്നു. അര്‍ബാസും ആച്ചിത്തും ഒഴികെ മറ്റാരെയും തനിക്കറിയില്ല. അവരുടെ (NCB) കേസ് യാദൃശ്ചികമല്ല, അതിനാല്‍ ഇത് ഗൂഢാലോചനയാണ്. ഈ എട്ട് പേരുമായി കൂടിക്കാഴ്ച നടത്തിയെന്ന് തെളിയിക്കുന്നതില്‍ നിങ്ങള്‍ (എന്‍സിബി) പരാജയപ്പെട്ടു’- റോത്തഗി വാദിച്ചു.
‘ഒരു ഹോട്ടലില്‍ ആളുകള്‍ വിവിധ മുറികളില്‍ ഇരിക്കുകയും അവര്‍ പുകവലിക്കുകയും ചെയ്യുന്നുവെങ്കില്‍, ഹോട്ടലിലെ എല്ലാ ആളുകളും ഗൂഢാലോചനയിലാണോ? ഈ കേസില്‍ അതിനെ ഗൂഢാലോചന എന്ന് വിളിക്കാന്‍ ഒരു കാര്യവുമില്ല,’ റോത്തഗി കൂട്ടിച്ചേര്‍ത്തു. അതേസമയം ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കടത്ത് കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കോപ്പായ സമീര്‍ വാങ്കഡെയുടെ ഭാര്യ ക്രാന്തി റെഡ്കര്‍ തന്റെ കുടുംബത്തിന് സംരക്ഷണം തേടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് തുറന്ന കത്തെഴുതി. ഭര്‍ത്താവിനെതിരായ കൈക്കൂലി ആരോപണങ്ങള്‍ തെറ്റാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.