ഒടുവില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം

ബിനീഷ് കോടിയേരിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം. എട്ടു മാസം നീണ്ട വാദത്തിനു ഒടുവില്‍ കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് എം ജി ഉമയുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബംഗലൂരു ഡിവിഷന്‍ അന്വേഷിക്കുന്ന കേസില്‍ നാലാം പ്രതിയായ ബിനീഷ് ഒരു വര്‍ഷമായി ബംഗലൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ്. ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി ബിനീഷിന് നാളെ ജയില്‍ മോചിതനാകാന്‍ കഴിയും.

ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29നാണ് ബിനീഷ് കോടിയേരി അറസ്റ്റിലായത്. തുടര്‍ന്ന് 14 ദിവസത്തോളം ഇ ഡിയുടെ കസ്റ്റഡിയിലായിരുന്നു ബിനീഷ് കോടിയേരി. നവംബര്‍ 11 മുതലാണ് ബംഗളുരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് ബിനീഷിനെ മാറ്റിയത്. തുടര്‍ന്ന് പത്തിലേറെ തവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ബിനീഷിന്റെ അക്കൗണ്ടില്‍ കള്ളപ്പണം ഇല്ലെന്നും പച്ചക്കറി, മാത്സ്യ മൊത്തക്കച്ചവടത്തില്‍ നിന്ന് ലഭിച്ച പണമാണ് അക്കൗണ്ടില്‍ ഉള്ളതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം രണ്ടു തവണ ബെംഗഗളൂരു പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.

ലഹരിമരുന്ന് കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ഒന്നാം പ്രതിയായ അനൂപ് മുഹമ്മദുമായി നടത്തിയ പണമിടപാടാണ് ബിനീഷ് കോടിയേരിയെ കുടുക്കിയത്. 2012 മുതല്‍ ഇവര്‍ തമ്മില്‍ പണമിടപാട് നടത്തിയിരുന്നതായി ഇ ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കൂടാതെ ആദായനികുതിയ റിട്ടേണ്‍ സമര്‍പ്പിച്ചതിലും ബിനീഷ് കോടിയേരി തിരിമറി നടത്തിയതായി ഇ ഡി ആരോപിക്കുന്നുണ്ട്. 2012 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 5.19 കോടി രൂപയുടെ വരുമാനത്തില്‍ 3.95 കോടി രൂപയുടെ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചിരുന്നു.