മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കും

മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറിലെ വെള്ളം ഒഴുക്കിവിടാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രായമായവരെയും രോഗികളെയും സംരക്ഷിക്കേണ്ടതുണ്ട്, ഷട്ടര്‍ എത്ര ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ഇതുവരെ അറിയിച്ചിട്ടില്ല. നവംബര്‍ 11 വരെയുള്ള കാര്യങ്ങള്‍ കോടതിയെ അറിയിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വെള്ളം സംഭരിക്കാന്‍ ആവശ്യമായ സ്ഥലം ഇടുക്കി ഡാമില്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

സുപ്രീംകോടതി നിര്‍ദേശം മുല്ലപ്പെരിയാര്‍ ഡാം നാളെ തുറന്നു വിടുന്നതില്‍ മാറ്റം ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ നിശ്ചയപ്രകാരം തന്നെ നാളെ ഏഴു മണിക്ക് ഡാം തുറന്ന് ജലനിരപ്പ് കുറക്കും. 139.5 എന്ന റൂള്‍ കര്‍വ് നവംബര്‍ ഒന്നു മുതല്‍ ആണ് പ്രാബല്യത്തില്‍ വരിക. നിലവില്‍ 138 അടിതന്നെയാണ് തമിഴ്നാട് മുന്നോട്ടു വച്ചിരിക്കുന്ന റൂള്‍ കര്‍വ്.

റൂള്‍ കര്‍വ് വിഷയത്തില്‍ കേരളം മുന്നോട്ടു വച്ച ആശങ്കകളില്‍ വിശദമായ വാദം കേള്‍ക്കാം എന്ന സുപ്രീം കോടതിയുടെ തീരുമാനം പ്രതീക്ഷ നല്‍കുന്നതാണ്. പുതിയ ഡാം എന്ന നിലപാടില്‍ ഉറച്ചു നിന്നുകൊണ്ടാകും കേരളം വാദമുഖങ്ങള്‍ അവതരിപ്പിക്കുക. ഇക്കാര്യത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ?ജലവിഭവ വകുപ്പ്? വ്യക്?തമാക്കി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139.5 അടിയായി ക്രമീകരിക്കണമെന്ന് സുപ്രിം കോടതി ഉത്തരവ് ഇട്ടിരുന്നു. നവംബര്‍ 11 വരെ ഇതേ നില തുടരണമെന്നും സുപ്രിം കോടതി ആവശ്യപ്പെട്ടു. മേല്‍നോട്ട സമിതിയുടെ തീരുമാനമാണ് കോടതി അംഗീകരിച്ചത്.

ഹരജി അടുത്ത മാസം 11ന് വീണ്ടും പരിഗണിക്കും. അതെ സമയം വിധി ആശ്വാസകരമാണെന്നും കോടതിയില്‍ നിലപാട് വിശദീകരിക്കാന്‍ കേരളത്തിന് സമയം ലഭിച്ചെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ജലനിരപ്പ് 138.10 അടി ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കാണ് ജലനിരപ്പ് 138 അടി പിന്നിട്ടത്. സെക്കന്റില്‍ 5800 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. സ്പില്‍വെ നാളെ രാവിലെ ഏഴ് മണിക്ക് തുറക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിട്ടുണ്ട്‌