ഒരു വര്‍ഷത്തിനിടെ ഏഴ് പേര്‍ക്കെതിരെ പീഡന പരാതി ; യുവതിക്കെതിരെ അന്വേഷണം
നിരന്തരമായി പീഡന പരാതികള്‍ നല്‍കിയ യുവതിക്ക് എതിരെ അന്വേഷണം. ഒരു വര്‍ഷത്തിനിടെ ഏഴ് പേര്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ സംഭവത്തില്‍ യുവതിക്ക് എതിരെ പ്രത്യേക അന്വേഷണം വേണമെന്ന് ഹരിയാന വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പ്രീത ഭരദ്വാജ് ദലാല്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തി വാസ്തവം പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്.ഒരു വര്‍ഷത്തിനിടയില്‍ ഒരേ യുവതി തന്നെ ഏഴ് പുരുഷന്‍മാരുടെ പേരില്‍ ലൈംഗിക പീഡന പരാതി നല്‍കിയതാണ് സംശയത്തിന് ഇടയാക്കിയത്.
പല ദിവസങ്ങളിലായി ഗുരുഗ്രാമിലെ വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലാണ് യുവതിയുടെ പരാതിയെത്തിയത്. അടുത്തിടെ ഡിഎല്‍എഫ് ഫേസ് മൂന്ന് പൊലീസ് സ്റ്റേഷനിലാണ് ഒടുവില്‍ യുവതി പരാതി നല്‍കിയത്. ഈ പരാതിയിലും പൊലീസ് അന്വേഷണം നടത്തി വരികയാണ്. സാമൂഹ്യപ്രവര്‍ത്തകയായ ദീപിക നാരായണ്‍ ഭരദ്വാജാണ് വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയിലാണ് നടപടി. വ്യാജ പീഡന പരാതികള്‍ നല്‍കി പുരുഷന്‍മാരില്‍ നിന്ന് പണം തട്ടിയെടുക്കുകയാണ് യുവതിയുടെ ലക്ഷ്യമെന്നും പരാതിയില്‍ ഇവര്‍ ആരോപിച്ചിരുന്നു.
ഇതേ കാര്യത്തില്‍ പൊലീസിലും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നതാണ് യുവതിയുടെ എല്ലാ പരാതിയിലേയും ആരോപണം. യുവതിയുടെ ഈ പരാതികളില്‍ രണ്ടെണ്ണം വ്യാജമാണ് എന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തിന് ശേഷവും യുവതി നിരവധി പരാതികള്‍ നല്‍കിയതോടെയാണ് അന്വേഷണണ്‍ വേണമെന്ന് ആവശ്യമുയര്‍ന്നത്.