മെറ്റ പേര് മാറ്റം ; റീബ്രാന്‍ഡിംഗിലൂടെ സുക്കര്‍ബര്‍ഗ് ലക്ഷ്യം വെക്കുന്നത് എന്ത്
സോഷ്യല്‍ മീഡിയ രാജാവ് ആയ ഫേസ്ബുക്കിന്റെ മാതൃ കമ്പനിയുടെ പേര് ‘മെറ്റ’ (Meta) എന്ന് റീബ്രാന്‍ഡ് ചെയ്തു. 17 വര്‍ഷത്തിനിടെ ആദ്യമായി മാര്‍ക്ക് സുക്കര്‍ബര്‍ഗ് പുതിയ പദവിയിലേയ്ക്ക് ചുവടു വച്ചു. സ്ഥാനത്തിന് മാറ്റമില്ലെങ്കിലും കമ്പനിയുടെ പേരിലാണ് സുക്കര്‍ബര്‍ഗ് മാറ്റം വരുത്തിയിരിക്കുന്നത്. അങ്ങനെ വ്യാഴാഴ്ച്ച മുതല്‍ സുക്കര്‍ബര്‍ഗ് മെറ്റയുടെ സിഇഒയും ചെയര്‍മാനുമായി മാറി. ഇന്റര്‍നെറ്റിന്റെ ഭാവിയായി സുക്കര്‍ബര്‍ഗ് കാണുന്ന ‘മെറ്റാവേഴ്‌സ്’ (Metaverse) എന്നതിനെ സൂചിപ്പിക്കുന്നതാണ് കമ്പനിയുടെ പുതിയ പേര്. 2015 ല്‍ ആല്‍ഫബെറ്റ് (Alphabet) എന്ന ഹോള്‍ഡിംഗ് കമ്പനിയുടെ ഭാഗമായപ്പോള്‍ ഗൂഗിളിന്റെ സ്ഥാപകര്‍ ഒഴിഞ്ഞു മാറിയതില്‍ നിന്ന് വ്യത്യസ്തമായി, തന്റെ ഉയര്‍ന്ന പദവി ഉപേക്ഷിക്കാന്‍ പദ്ധതിയില്ലെന്ന് സുക്കര്‍ബര്‍ഗ് പറയുന്നു.
കമ്പനിയുടെ വാര്‍ഷിക കണക്റ്റ് കോണ്‍ഫറന്‍സില്‍ വച്ചാണ് സുക്കര്‍ബര്‍ഗ് മെറ്റ എന്ന പുതിയ പേര് പ്രഖ്യാപിച്ചത്. ആറ് മാസം മുമ്പ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. 2012 ലും 2014 ലും ഇന്‍സ്റ്റാഗ്രാമും വാട്ട്സ്ആപ്പും വാങ്ങിയത് മുതല്‍ കമ്പനിയെ റീബ്രാന്‍ഡ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും എന്നാല്‍ ഈ വര്‍ഷം ആദ്യം തന്നെ പേരില്‍ മാറ്റം വരുത്തേണ്ട സമയമായി എന്ന് താന്‍ മനസ്സിലാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. മെറ്റാവേര്‍സ് പദ്ധതികള്‍ക്കായി സക്കര്‍ബര്‍ഗ് ഈ വര്‍ഷം മാത്രം 10 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചിട്ടുണ്ടെന്നാണ് വിവരം. ‘ഏതെങ്കിലും നിര്‍ദ്ദിഷ്ട ഉല്‍പ്പന്നവുമായുള്ള ബന്ധത്തില്‍ നിന്ന് വ്യത്യസ്തമായി ഒരു കമ്പനിയുമായി ആളുകള്‍ ബന്ധം പുലര്‍ത്തുന്നതാണ് കൂടുതല്‍ സഹായകരമെന്നും, പുതിയ പേരിലൂടെ അത് സാധിക്കുമെന്നും’ സുക്കര്‍ബര്‍ഗ് പറഞ്ഞു.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് എന്നീ സാമൂഹിക മാധ്യമങ്ങളുടെയെല്ലാം പേരുകള്‍ അങ്ങനെ തന്നെ തുടരും. മാതൃകമ്പനിയുടെ പേരാണ് മാറ്റിയത്. ഫേസ്ബുക്ക് എന്ന പേര് നമ്മുടെ കമ്പനി ചെയ്യുന്നതെല്ലാത്തിനെയും പ്രതിനിധീകരിക്കുന്നില്ല. അതിനാലാണ് പേര്മാറ്റമെന്നും ഇപ്പോള്‍ നമ്മുടെ പേര് ഒരു ഉത്പന്നത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതാണെന്നും എന്നാല്‍ മെറ്റവേഴ്സ് കമ്പനിയാകാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. മെറ്റ എന്നാല്‍ ഒരു ഗ്രീക്ക് വാക്കാണ് ഇംഗ്ലീഷില്‍ ബിയോണ്ട് അഥവാ അതിരുകള്‍ക്കും പരിമിതികള്‍ക്കും അപ്പുറം എന്നര്‍ഥം. ഈ വാക്ക് ഉപയോഗിച്ചത് വഴി നമ്മുടെ കമ്പനി ചെയ്യുന്നതും ചെയ്യാനാഗ്രഹിക്കുന്നതുമായ കാര്യം വ്യക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സാങ്കേതികത വഴി ബന്ധിപ്പിക്കുന്ന കമ്പനിയാണ് തങ്ങളുടേത്. ഒത്തൊരുമിച്ച് ജനങ്ങളെ നമുക്ക് സാങ്കേതികതയുടെ മധ്യേ നിര്‍ത്താം. അതുവഴി വലിയ സാമ്പത്തിക രംഗം സൃഷ്ടിക്കാം – സക്കര്‍ബര്‍ഗ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് നാളുകളായി കമ്പനി തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ നേരിടുകയാണ്. ഫേസ്ബുക്ക് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും അധികം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായ കമ്പനിയാണ്. മാത്രമല്ല ആ ബ്രാന്‍ഡ് നെയിം യുവാക്കള്‍ക്കിടയില്‍ ഒരു കരടായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കമ്പനിയുടെ ബ്രാന്‍ഡിനെയും സുക്കര്‍ബര്‍ഗിനെയും ഫേസ്ബുക്ക് എന്ന പേരില്‍ ഒഴിവാക്കുന്നത് തടയാന്‍ പുതിയ ബ്രാന്‍ഡിം?ഗിലൂടെ സാധിക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു. ഒരു ആശയമെന്ന നിലയില്‍ മെറ്റാവേഴ്‌സ് പുതിയ ഒന്നല്ല. എന്നാല്‍ ഈ വര്‍ഷം ആദ്യമാണ് സുക്കര്‍ബര്‍ഗ് ഈ പേര് പരസ്യമായി ഉപയോഗിച്ചത്. 1990കളിലെ ഒരു ഡിസ്റ്റോപ്പിയന്‍ നോവലായ സ്‌നോക്രാഷില്‍ നിന്നാണ് ഈ ആശയം ഉടലെടുത്തത്. ഈ നോവലില്‍ ആളുകള്‍ തകരുന്ന യഥാര്‍ത്ഥ ലോകത്തില്‍ നിന്ന് ഒരു വെര്‍ച്വല്‍ ലോകത്ത് പൂര്‍ണ്ണമായും മുഴുകുന്നതിനെക്കുറിച്ചാണ് പറയുന്നത്. വെര്‍ച്വല്‍ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു പുതിയ ലോകം എന്ന ഉട്ടോപ്യന്‍ ആശയമായാണ് സുക്കര്‍ബര്‍ഗ് മെറ്റാവേഴ്‌സിലൂടെ കാണുന്നത്