പന്തീരങ്കാവ് യുഎപിഎ കേസ് ; താഹ ഫസല്‍ ജയില്‍ മോചിതനായി

പന്തീരങ്കാവ് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച താഹ ഫൈസല്‍ ജയില്‍ മോചിതനായി.കഴിഞ്ഞ ദിവസമായിരുന്നു താഹ ഫസലിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് താഹ പരമോന്നത കോടതിയെ സമീപിച്ചത്. തന്റെ മോചനം യുഎപിഎ ചുമത്തിയ സംസ്ഥാന സര്‍ക്കാരിനുള്ള തിരിച്ചടിയാണെന്ന് ജയില്‍ മോചിതനായി പുറത്തിറങ്ങിയ താഹ പ്രതികരിച്ചു. മറ്റൊരു പ്രതി അലന്‍ ഷുഐബിന് അനുവദിച്ച ജാമ്യം കോടതി ശരിവച്ചു.

ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, എഎസ് ഓക എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് വിധി. മുതിര്‍ന്ന അഭിഭാഷകന്‍ ജയന്ത് മുത്രാജാണ് താഹക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് നിയമവിരുദ്ധമാണ് എന്നാണ് അദ്ദേഹം വാദിച്ചിരുന്നത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവാണ് എന്‍ഐഎക്ക് വേണ്ടി ഹാജരായത്. നിരോധിത സംഘടനയില്‍പ്പെട്ട യുവാക്കാള്‍ക്ക് ജാമ്യം നല്‍കരുത് എന്നായിരുന്നു എന്‍ഐഎയുടെ വാദം.2019 നവംബര്‍ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സി പി എം പ്രവര്‍ത്തകരായ അലനെയും താഹയേയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.