കേരളവര്‍മ്മ കോളേജില്‍ എസ്എഫ്‌ഐ ഫ്‌ലെക്‌സ് അശ്ലീലമെന്ന് ആരോപണം

വീണ്ടും ഫ്‌ലെക്‌സ് വിവാദത്തില്‍ കുടുങ്ങി കേരളവര്‍മ്മ കോളേജ്. നവാഗതരെ സ്വാഗതം ചെയ്യാന്‍ എസ്എഫ്‌ഐ വെച്ച ഫ്‌ലെക്‌സില്‍ ആണ് അശ്ലീലത കൂടുതലായത്. ‘തുറിച്ച് നോക്കണ്ട ഞാനും നീയുമൊക്കെ എങ്ങനെയുണ്ടായി the planet needs sexual liberation ‘ തുടങ്ങിയ അടിക്കുറിപ്പോടെയുളള പോസ്റ്ററുകളാണ് ശ്രീ കേരളവര്‍മ്മ കോളേജിലെ ക്യാമ്പസില്‍ എസ്എഫ്‌ഐ വെച്ചിരിക്കുന്നത്. എസ്എഫ്‌ഐ കേരളവര്‍മ്മ എന്ന എഫ്ബി പേജിലും ഇവയുണ്ട്. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ തരത്തില്‍ ചര്‍ച്ചയാകുകയും വിമര്‍ശനത്തിന് ഇടയാവുകയും ചെയ്തു. ഇതിനെതിരെ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത് വന്നു.

അശ്ലീല പോസ്റ്ററുകള്‍ വെച്ചതിന്റെ പേരില്‍ എസ്എഫ്‌ഐ വിദ്യര്‍ത്ഥികളോട് മാപ്പ് പറയണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം. ഇതിനെതിരെ കെഎസ്‌യു കോളേജ് മാനേജ്‌മെന്റിന് പരാതി നല്‍കി. താലിബാനിസത്തെ വെള്ളപൂശാനുള്ള ശ്രമമാണ് എസ്എഫ്‌ഐ നടത്തുന്നതെന്ന് എബിവിപി ആരോപിച്ചു. എന്നാല്‍ പോസ്റ്ററുകള്‍ നീക്കാന്‍ നിര്‍ദേശം നല്‍കിയതായി എസ്എഫ്‌ഐ ജില്ലാ നേതൃത്വം അറിയിച്ചു. പോസ്റ്ററുകളുടെ പേരില്‍ കോളേജിലെ വിദ്യാര്‍ത്ഥികളില്‍ നിന്നോ അധ്യാപകരില്‍ നിന്നോ ഇതുവരെ പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പാല്‍ അറിയിച്ചു. പരാതി കിട്ടിയാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.