ക്ലാസ് മുറിയില്‍ മൊബൈല്‍ വിലക്കി; അധ്യാപകനെ കൂട്ടം ചേര്‍ന്ന് ആക്രമിച്ച വിദ്യാര്‍ത്ഥികള്‍ പിടിയില്‍
ഓണ്‍ലൈന്‍ ക്ളാസില്‍ നിന്നും നേരിട്ടുള്ള ക്ളാസുകളില്‍ എത്തി എങ്കിലും കുട്ടികളിലെ മൊബൈല്‍ ഉപയോഗം പഴയതു പോലെ തന്നെ തുടരുകയാണ്. കുട്ടികളിലെ മൊബൈല്‍ ഉപയോഗം തടയാന്‍ ശ്രമിച്ച അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചു എന്ന വാര്‍ത്തയാണ് യു പിയില്‍ നിന്നും വരുന്നത്. യുപിയില്‍ ക്ലാസ് മുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയ അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചു. ഗോരഖ്പൂരിലെ സര്‍ക്കാര്‍ സ്‌കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപകനായ സയ്യിദ് വസിഖ് അലിയാണ് ആക്രമിക്കപ്പെട്ടത്. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി. മറ്റു രണ്ടു വിദ്യാര്‍ത്ഥികളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. മൊബൈല്‍ ഉപയോഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വിദ്യാര്‍ത്ഥികള്‍ വാസിഖിന്റെ മുഖം തുണിവെച്ച് മൂടി ആക്രമിക്കുകയായിരുന്നു. ആക്രമത്തിന്റെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കുറ്റാരോപിതാനായ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും പുറത്താക്കിയതായി പ്രിന്‍സിപ്പല്‍ പറഞ്ഞു.