മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴ്ത്താനുള്ള ശ്രമം തുടരുന്നു
മുല്ലപ്പെരിയാറില്‍ ഡാമിലെ ജലനിരപ്പ് താഴ്ത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. ആദ്യം തുറന്ന മൂന്ന് ഷട്ടറുകള്‍ക്ക് പുറമേ മൂന്ന് ഷട്ടറുകള്‍ കൂടി വൈകിട്ട് നാല് മണിയോടെ വീണ്ടും തുറന്നു. ഇതോടെ ആകെ ആറ് ഷട്ടറുകളിലൂടെ ഡാമില്‍ നിന്നും പുറത്തേക്ക് കളയുകയാണ്. നേരത്തെ മൂന്ന് ഷട്ടറുകള്‍ 70 സെ.മീ വീതം ഉയര്‍ത്തി ജലം പുറത്തേക്ക് കളയുന്നുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മൂന്ന് ഷട്ടറുകള്‍ 40 സെമീ വീതം ഉയര്‍ത്തിയത്. പുതുതായി തുറന്ന രണ്ട് ഷട്ടറുകളിലൂടെ സെക്കന്‍ഡില്‍ 1299 ഘനയടി വെള്ളം കൂടി പുറത്തേക്ക് ഒഴുക്കും. ഇതോടെ ആകെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളം 2974 ഘനയടിയാകും
അണക്കെട്ടിലെ രാവിലത്തെ ജലനിരപ്പ് 138.90 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ കൂടുതല്‍ തുറക്കാന്‍ തീരുമാനിച്ചത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുന്നില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തമിഴ്‌നാടിനോട് കൂടുതല്‍ വെള്ളം കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലാതെ ജലനിരപ്പ് താഴ്ത്താനാവില്ലെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ വെള്ളം തുറന്ന് വിട്ടത് കൊണ്ട് ആശങ്ക വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 6 മണിക്ക് ഷട്ടറുകള്‍ തുറക്കുമെന്നാണ് തമിഴ്‌നാട് അറിയിച്ചത് . എന്നാല്‍ കേരളം ആവിശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നേരത്തെ തുറക്കുന്നത്. ഇനി ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജലനിരപ്പ് കുറക്കാനായി കൂടുതല്‍ വെള്ളം തുറന്നു വിടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും ചീഫ് എന്‍ജിനീയര്‍ തലത്തില്‍ ചര്‍ച്ച നടത്തി. ഇതേ തുടര്‍ന്നാണ് കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ തീരുമാനമായത്.