ജിമ്മില്‍ പോയാല്‍ ആയുസ് കൂടുമോ…?
കന്നഡ സിനിമ താരം പുനീത് രാജ്കുമാര്‍ തന്റെ ജിം വര്‍ക്ക്ഔട്ടിനിടെ ഹൃദയാഘാതം വന്നു മരണപ്പെട്ടതോടെ, ജിംനേഷ്യം വര്‍ക്ക്ഔട്ടുകളും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധം വീണ്ടും ചര്‍ച്ചയിലേക്ക് വരികയാണ്. 46 വയസ്സു മാത്രമായിരുന്നു പവര്‍ സ്റ്റാര്‍ എന്നറിയപ്പെട്ടിരുന്ന പുനീതിന് മരിക്കുമ്പോഴുള്ള പ്രായം. നല്ല മസിലും ഒത്ത ശരീരവും ഉണ്ടേല്‍ രോഗ പ്രതിരോധ ശേഷി കൂടുകയും അതിലൂടെ ആയുസ് കൂടും എന്നാണോ താങ്കളുടെ വിശ്വാസം. എങ്കില്‍ പുച്ഛിച്ചു തള്ളാതെ ഈ ലേഖനം താങ്കള്‍ പൂര്‍ണമായും വായിക്കണം. ഒരാള്‍ എന്നും ജിംനേഷ്യത്തില്‍ പോവുന്നു, അയാള്‍ അവിടെ വലിയ ഭാരമൊക്കെ എടുത്ത് പെരുമാറുന്നു, ഒരു ദിവസം പോലും മുടങ്ങാതെ കൃത്യമായി വ്യായാമം ചെയ്യുന്നു എന്നതുകൊണ്ട് ‘അയാള്‍ക്ക് ആരോഗ്യമുണ്ട്’, ‘അയാളെ രോഗങ്ങള്‍, വിശേഷിച്ച് ഹൃദയാഘാതം പോലെ മരണകരണമായേക്കാവുന്ന അസുഖങ്ങള്‍ അലട്ടില്ല’ എന്നൊന്നും പറയാനാവില്ല.
രാവിലെ വീട്ടിലെ ജിംനേഷ്യത്തില്‍ വ്യായാമം ചെയ്തുകൊണ്ടിരിക്കെ നെഞ്ചു വേദന അനുഭവപ്പെട്ട പുനീതിനെ ഫാമിലി ഡോക്ടര്‍ പരിശോധിക്കുകയും ഇസിജി എടുക്കുകയും ചെയ്തിരുന്നു. അദ്ദേഹം റെഫര്‍ ചെയ്തിട്ടാണ് പുനീതിനെ വിക്രം ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത്. അവിടെ എത്തുമ്പോള്‍ തന്നെ പുനീതിന്റെ ഹൃദയം നിശ്ചലമായിരുന്നു എന്നാണ് അദ്ദേഹത്തെ പരിശോധിച്ച കാര്‍ഡിയാക് വിദഗ്ധര്‍ അറിയിച്ചത്. നെഞ്ചുവേദന വന്ന പുനീത് ആശുപത്രിയില്‍ എത്തുന്നത് ഏതാണ്ട് 30-45 മിനിറ്റ് ശേഷമാണ്. ആശുപത്രിയില്‍ എത്തുന്നതിനു പത്തുമിനിറ്റ് മുമ്പ് വരെയും അദ്ദേഹം സംസാരികുനുണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. കുടുംബത്തില്‍ ഹൃദ്രോഗത്തിന്റേതായ പാരമ്പര്യം ഉണ്ടായിരുന്നു എങ്കിലും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ പുനീതിന്റെ കുടുംബത്തിന് ഇല്ല എന്നും അവര്‍ അറിയിച്ചു.
പുനീതിന് പുറമെ, കഴിഞ്ഞ മാസം മരിച്ച നടന്‍ സിദ്ധാര്‍ത്ഥ ശുക്ല, കഴിഞ്ഞ വര്‍ഷം മരിച്ച ചിരഞ്ജീവി സര്‍ജ എന്നിവരും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ തികഞ്ഞ ശ്രദ്ധയുണ്ടായിരുന്ന, മുടങ്ങാതെ ജിം ചെയ്തിരുന്നവരായിരുന്നു. എന്താണ് ജിം വര്‍ക്ക്ഔട്ടുകളും ഹൃദയാഘാതവും തമ്മിലുള്ള ബന്ധം? കടുത്ത വ്യായാമത്തിനു ശേഷം ഉണ്ടാകുന്ന ഡീഹൈഡ്രേറ്റഡ് ശാരീരികാവസ്ഥ ഒരുപരിധിവരെ ഇത്തരത്തിലുള്ള അപകടങ്ങള്‍ക്ക് കാരണമാവും എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തൊഴില്‍ ആവശ്യങ്ങള്‍ക്കും മറ്റുമായി കടുത്ത ജിം കസര്‍ത്തുകള്‍ നടത്താന്‍ ഇറങ്ങിപ്പുറപ്പെടും മുമ്പ് കൃത്യമായ കാര്‍ഡിയാക് എസ്റ്റിമേഷന്‍ നടത്തേണ്ടതുണ്ട് എന്നും അവര്‍ നിഷ്‌കര്‍ഷിക്കുന്നു.
കാര്‍ഡിയോ വിദഗ്ധരുടെ അഭിപ്രായത്തില്‍ ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നവര്‍ ഭാരം ഉയര്‍ത്തുന്ന പരിശീലനം നടത്തുന്നത് വളരെ റിസ്‌ക്കാണത്രേ. കാരണം അമിതമായ സമ്മര്‍ദ്ദം മൂലം മാംസപേശികളിലുണ്ടാ കുന്ന പിരിമുറുക്കം ഹൃദയത്തിന്റെ വാല്‍വുകളെ നേരിട്ടാണത്രേ ബാധിക്കുക. 2017 ല്‍ നടത്തപ്പെട്ട ഒരു സര്‍വ്വേ പ്രകാരം 25 -40 പ്രായത്തിനിടയിലുള്ള യുവാക്കളില്‍ ഹാര്‍ട്ട് അറ്റാക്ക് 22 % വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ് വെളിപ്പെട്ടത്. ഹാര്‍ട്ട് അറ്റാക് വരാനുള്ള കരണങ്ങളായ മദ്യപാനം,പുകവലി, കുടുംബ പാരമ്പര്യം, ഡയബറ്റിക്,ഹൈപ്പര്‍ ടെന്‍ഷന്‍,ഹൈ കൊളസ്ട്രോള്‍ ,ഹൃദയസംബന്ധമായ മറ്റസു ഖങ്ങള്‍ ഒന്നുമില്ലാത്ത 2000 പേരിലാണ് ഈ സര്‍വ്വേ നടത്തപ്പെട്ടത്.
ജിംനേഷ്യത്തിലെ വ്യായാമത്തിന് അതിന്റെതായ ഗുണദോഷങ്ങള്‍ ഉണ്ട് എന്നും, എങ്ങനെ എന്തൊക്കെ തരം കസര്‍ത്തുകളിലാണ് ജിമ്മില്‍ നമ്മള്‍ ഏര്‍പ്പെടുന്നത് എന്നതിനെ ആശ്രയിച്ചാവും അത് ശരീരത്തിന് ഇപ്പോഴും നല്ലത് ഇടത്തരം വ്യായാമങ്ങളാണ്. അമിതമായി ശരീരത്തെ അധ്വനിപ്പിക്കുന്നത് ചിലരിലെങ്കിലും വിപരീതഫലങ്ങള്‍ക്ക് കാരണമാവാം. പല യുവാക്കളും മരണപ്പെട്ടിട്ടുള്ളത് ജിംനേഷ്യത്തിലെ വര്‍ക്ക്ഔട്ടിനിടയിലോ അല്ലെങ്കില്‍ വ്യായാമം കഴിഞ്ഞു തിരികെ വീട്ടിലേക്കുള്ള യാത്ര മദ്ധ്യേയോ ആണ് എന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ചുകൊണ്ട് ദ ഹിന്ദുവും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അഞ്ചോ പത്തോ മിനിറ്റ് വാം അപ്പ്. ഇരുപതുമിനിറ്റോളം എക്‌സര്‍സൈസുകള്‍, അഞ്ചോ പത്തോ മിനിറ്റ് കൂള്‍ ഡൌണ്‍ എന്നതാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന സുരക്ഷിതമായ വ്യായാമക്രമം. എന്നാല്‍ കൂടുതല്‍ ചെയ്താല്‍ കൂടുതല്‍ ജിം ആകാം എന്ന ഒരു വലിയ തെറ്റിദ്ധാരണ ഇപ്പോള്‍ പരക്കെ ഉണ്ട്. അതുപോലെ മരുന്നുകള്‍ കുത്തി വെച്ച് ശരീരം പുഷ്ട്ടിപ്പെടുത്തുന്നവരും ഏറെയാണ്.
‘പത്തിരുപത്തഞ്ചു വര്‍ഷം മുമ്പൊക്കെ മുപ്പതുവയസ്സിനു താഴെയുള്ളവര്‍ ഹൃദയാഘാതം വന്നു മരിക്കുക എന്നൊക്കെ നമ്മള്‍ അഞ്ചോ ആറോ മാസത്തില്‍ ഒരിക്കല്‍ കേട്ടിരുന്ന കാര്യങ്ങളായിരുന്നു. ഇന്നിപ്പോള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ വാര്‍ത്തകള്‍ അത്തരത്തില്‍ പുറത്തുവരാറുണ്ട്.’ എന്നാണ് ഏഷ്യ ഹാര്‍ട്ട് ഇന്‌സ്ടിട്യൂട്ടിലെ ഡോ.രമാകാന്ത് പാണ്ട റിപ്പബ്ലിക്കിനോട് പറഞ്ഞത്. ചില കേസുകളിലെങ്കിലും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവുന്ന യുവാക്കളില്‍ വെന്‍ട്രിക്കുലാര്‍ ഫിബ്രിലേഷന്‍ അഥവാ ഹൃദയത്തിന് ഇലക്ട്രിക്കല്‍ അസ്ഥിരത ഉണ്ടാവുന്നു. ഇങ്ങനെ തളര്‍ന്നു വീഴുന്നവര്‍ക്ക് ഉടനടി സിപിആര്‍ പോലുള്ള റീ സസിറ്റേഷന്‍ പ്രഥമ ശുശ്രൂഷകള്‍ നല്‍കണം.
വേണ്ടിവന്നാല്‍ അവരെ ഡീഫിബ്രിലേഷനും വിധേയമാക്കണം. ഈ അവസ്ഥയില്‍ അടിയന്തര ശുശ്രൂഷ കിട്ടിയില്ല എങ്കില്‍, നിമിഷങ്ങള്‍ക്കകം കാര്‍ഡിയാക് അറസ്റ്റ് അഥവാ ഹൃദയ സ്തംഭനത്തിലേക്ക് കാര്യങ്ങള്‍ നീളുകയും, മരണം സംഭവിക്കുകയും ചെയുന്നു. മരണം സംഭവിക്കും മുമ്പ് ആശുപത്രിയില്‍ എത്തിക്കാന്‍ പോലും നേരം കിട്ടി എന്ന് വരില്ല. ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതാണ് ഇതിനു കാരണം. ഇതുതന്നെയാണ് പുനീതിന്റെ കേസിലും ഉണ്ടായത്. ഇത്തരത്തിലുള്ള ആഘാതങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള മുന്നറിയിപ്പുകളും ഉണ്ടാവില്ല എന്നും, ആദ്യത്തെ അറ്റാക്കില്‍ തന്നെ നന്നേ ചെറു പ്രായത്തിലുള്ളവര്‍ പോലും ഇങ്ങനെ മരണപ്പെട്ടു പോവാറുണ്ട് എന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഇക്കാലത്ത് ജിമ്മില്‍ പോയി മസിലുകള്‍ ബലപ്പെടു ത്താനും സിക്‌സ് പാക്ക് ബോഡി രൂപപ്പെടുത്താനുമുള്ള ട്രെന്‍ഡ് യുവാക്കളില്‍ വ്യാപകമാണ്.ഇതിനായി പ്രോട്ടീന്‍ സപ്ലിമെന്റുകളും പ്രോട്ടീന്‍ ഷേക്കുകളും ധാരാളമായി അവര്‍ കഴിക്കുകയും ചെയ്യാറുണ്ട്. ഇതെല്ലാം ചെയ്യുന്നത് ജിം ഇന്‍സ്ട്രക്ടറുടെ നിര്‍ദ്ദേശപ്രകാ രമാണ്. എന്നാല്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള യോഗ്യത അവര്‍ക്കില്ല എന്നതാണ് വാസ്തവം. പലരോടും വീര്യം കൂടിയ സ്റ്റിറോയിഡ് കഴിക്കാന്‍ നിര്‍ദ്ദേശിക്കാ റുണ്ട്. അത് ആരോഗ്യത്തിന് കൂടുതല്‍ ഹാനികരമാണ്. ബോഡി ആകര്‍ഷമാക്കാനുള്ള ഇത്തരം രീതികള്‍ കൂടുതല്‍ അപകടകരവുമാണ്. ജിമ്മില്‍ പോകുന്നവര്‍ പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ എടുക്കാന്‍ പാടുള്ളതല്ല. കായികതാരങ്ങളെപ്പോലെ ആഹാരത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കുന്ന ആഹാരരീതി ഒരു ഡോക്ടറുടെ അല്ലെങ്കില്‍ ഡയറ്റിഷ്യന്റെ നിര്‍ദ്ദേശപ്രകാരമാണ് അവലംബിക്കേണ്ടത്.