ഇവന്മാര് ആരും ഇല്ലേലും കേരളത്തില്‍ സിനിമ ഉണ്ടാകും ; വിനായകന്റെ പോസ്റ്റ് ഏറ്റെടുത്തു സോഷ്യല്‍ മീഡിയ
‘ആശങ്കപ്പെടേണ്ട ഇവന്മാര്‍ ആരുമില്ലേലും കേരളത്തില്‍ സിനിമ ഉണ്ടാകും ‘ മലയാള സിനിമാ താരം വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇപ്പോള്‍ വൈറല്‍ ആണ്. പോസ്റ്റിനൊപ്പം തലക്കെട്ടോ മറ്റു സൂചനകളോ ഒന്നുമില്ലെങ്കിലും മരയ്ക്കാര്‍ വിവാദം കത്തിനില്‍ക്കെ വിനായകന്റെ പരാമര്‍ശം അതേപ്പറ്റിതന്നെയാണെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി എവിടെ നോക്കിയാലും മരയ്ക്കാര്‍ സിനിമയുടെ റിലീസിനെ പറ്റിയാണ് വാര്‍ത്തകള്‍. സോഷ്യല്‍ മീഡിയയിലും സിനിമാ ഗ്രൂപ്പുകളിലും എല്ലാം ചര്‍ച്ച ഇതിനെ പറ്റിയാണ്.
ഫിലിം ചേംബറിന്റെ മധ്യസ്ഥതയില്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഇന്നലെ നടത്തിയ ചര്‍ച്ച ഫലവത്താവാതെ പിരിഞ്ഞിരുന്നു. അതിനിടയിലാണ് പ്രൈമിലൂടെ പ്രേക്ശകരിലെത്തുമെന്ന വാര്‍ത്തവരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ റിലീസ് പലകുറി മാറ്റിവെക്കേണ്ടിവന്ന മലയാളചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മരക്കാര്‍. ഇത്തവണത്തെ ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളിലായി ആറ് പുരസ്‌കാരങ്ങളും ചിത്രം നേടി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം രണ്ടു വര്‍ഷം കൊണ്ട് ഏതാണ്ട് 100 കോടിക്കടുത്ത് ചിലവിട്ടാണ് നിര്‍മിച്ചത്.
പോസ്റ്റിനു പിന്നാലെ വിനായകനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളുമെത്തുന്നുണ്ട്. ഒ.ടി.ടി റിലീസ് എങ്കിലും കാണും അതായിരിക്കും കവി ഉദേശിച്ചത്, കൊച്ചി ലോബി മലയാള സിനിമക്ക് ആപത്തോ, ഇത് ലാലേട്ടനെയും ആന്റണി പെരുമ്പാവൂരിനെയും ഉദ്ദേശിച്ചല്ല എന്ന് പറയാന്‍ പറഞ്ഞു…
എന്നിങ്ങനെ പോകുന്നു കമന്റുകള്‍.