മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണര്‍ അപ്പ് അഞ്ജനയും വാഹനാപകടത്തില്‍ മരിച്ചു ; മരണ വാര്‍ത്ത അറിഞ്ഞ അന്‍സിയുടെ അമ്മ വിഷം കഴിച്ചു

എറണാകുളം : മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും വാഹനാപകടത്തില്‍ മരിച്ചു. എറണാകുളം വൈറ്റിലയില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ പെട്ടെന്ന് വെട്ടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് നല്‍കുന്ന വിവരം. സംഭവ സ്ഥലത്ത് വെച്ചുതന്നെ ഇരുവരും മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ് അന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയാണ് അഞ്ജന ഷാജന്‍. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ അവസ്ഥ ഗുരുതരമാണ്. ഇരുവരും എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലുണ്ട്.

അതിനിടെ മകളുടെ മരണ വാര്‍ത്ത അറിഞ്ഞ അന്‍സിയുടെ അമ്മ വിഷം കഴിച്ചു. ആറ്റിങ്ങല്‍ ആലംകോട് പാലാംകോണം സ്വദേശി അന്‍സി കോട്ടേജില്‍ റസീനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ പൊലീസ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്‍സി മരിച്ച വിവരം നാട്ടില്‍ അറിയിച്ചെങ്കിലും വീട്ടുകാരോട് പറഞ്ഞിരുന്നില്ല. അന്‍സിയുടെ സുഹൃത്ത്, തൊട്ടടുത്ത വീട്ടില്‍ വിളിച്ച് വിവരം പറഞ്ഞിരുന്നു. എന്നാല്‍ അപകടവിവരം മറ്റാരില്‍ നിന്നോ അറിഞ്ഞ മാതാവ് റസീന വിഷം കഴിക്കുകയായിരുന്നു. മരണ വിവരം പറയാനായി അയല്‍വാസികള്‍ അന്‍സിയുടെ വീട്ടിലെത്തി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഇതേത്തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ പൊലീസ് വരുന്നതിന് മുമ്പ് വാതില്‍ തുറന്ന റസീന, ഛര്‍ദ്ദിച്ചു. വൈകാതെ സ്ഥലത്തെത്തിയ പൊലീസ് റസീനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അന്‍സിയുടെ പിതാവ് കബീര്‍ വിദേശത്താണ്.