നരേന്ദ്ര മോദിയുടെ റാലിക്കിടെ സ്‌ഫോടനം ; നാല് പേര്‍ക്ക് വധശിക്ഷ

2013ല്‍ പട്നയില്‍ നരേന്ദ്ര മോദിയുടെ റാലിക്കിടെ സ്‌ഫോടനം നടത്തിയ കേസില്‍ ആണ് കോടതി നാല് പേര്‍ക്ക് വധശിക്ഷ വിധിച്ചത്. എന്‍.ഐ.എ കോടതിയാണ് ശിക്ഷവിധിച്ചത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ബിഹാര്‍ തലസ്ഥാനമായ പട്നയില്‍ നടത്തിയ റാലിക്കിടെയായിരുന്നു സ്‌ഫോടനം. കേസില്‍ പത്തു പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക എന്‍.ഐ.എ കോടതി നേരത്തെ വിധിച്ചിരുന്നു. തെളിവുകളുടെ അഭാവത്തില്‍ ഒരാളെ പ്രത്യേക എന്‍.ഐ.എ കോടതി കുറ്റ വിമുക്തനാക്കുകയായിരുന്നു. കേസില്‍ പതിനൊന്നു പേര്‍ക്കെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയായതിനാല്‍, കേസ് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിനു കൈമാറുകയായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി പങ്കെടുക്കാനിരുന്ന റാലിക്ക് തൊട്ട് മുമ്പായാണ് പട്നയില്‍ വിവിധയിടങ്ങളിലായി സ്ഫോടന പരമ്പര ഉണ്ടായത്. സ്ഫോടനത്തില്‍ ആദ്യം ഒരു മരണമാണ് സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ആറു പേര്‍ മരിക്കുകയായിരുന്നു. മോദിയുടെ റാലി നടക്കുന്ന ഗാന്ധി മൈതാനത്തിന് സമീപത്ത് അഞ്ച് സ്ഫോടനങ്ങളുണ്ടായത്. 50ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.