നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ; പാലാബിഷപ്പിനെതിരെ കേസ്

pala-bishop-mar-joseph-വിവാദമായ നാര്‍ക്കോട്ടിക് ജിഹാദ് പരാമാര്‍ശത്തില്‍ പാലാബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലീസ് കേസ്. കുറുവിലങ്ങാട് പൊലീസാണ് പാലാ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശ പ്രകാരം കേസ് എടുത്തത്. കുറുവിലങ്ങാട് പള്ളിയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് കേസ്. മതസ്പര്‍ധ വളര്‍ത്തുന്നത് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തത്. ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ് മൗലവി, അഡ്വ. കെ എന്‍ പ്രശാന്ത്, അഡ്വ. സി പി അജ്മല്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കുറവിലങ്ങാട് പൊലിസിനോട് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.

സപ്തംബര്‍ 24നാണ് ഇതുസംബന്ധിച്ച് അബ്ദുല്‍ അസീസ് മൗലവി കേസെടുക്കണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍, പൊലിസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് എസ്പിക്കും പരാതി നല്‍കിയിരുന്നു. പാലാ ബിഷപ്പിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് പോലീസ് ഇനി കടക്കും. ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാന്‍ ആണ് പോലീസ് ആലോചിക്കുന്നത്. അതേസമയം കോടതി ഉത്തരവിനെതിരെ മേല്‍ കോടതികളെ സമീപിക്കാനാണ് പാലാ ബിഷപ്പ് ഹൗസ് ആലോചിക്കുന്നത്. ഉത്തരവില്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ ലഭിച്ചാല്‍ അത് കേസന്വേഷണത്തില്‍ നിര്‍ണായകമാകും.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത അടക്കമുള്ള നടപടികളിലേക്ക് കടക്കാന്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് നിര്‍ദ്ദേശം ഉണ്ടാകുമോ എന്നതും നിര്‍ണായകമാണ്. കേസില്‍ ധൃതിപിടിച്ച് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കാന്‍ സാധ്യതയില്ല. കോടതി ഉത്തരവ് ഫലത്തില്‍ സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ബിഷപ്പിനെതിരെ ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍ മുസ്ലിം സംഘടനകളുടെ ഭാഗത്ത് നിന്ന് കടുത്ത എതിര്‍പ്പ് ഉണ്ടായേക്കും. ബിഷപ്പിനെ അറസ്റ്റ് ചെയ്തു ശക്തമായ നടപടി സ്വീകരിച്ചാല്‍ ക്രൈസ്തവ സംഘടനകളുടെ ഭാഗത്തുനിന്നും സര്‍ക്കാറിനെതിരായ നീക്കം ശക്തമാകും. ഏതായാലും മേല്‍ക്കോടതിയെ സമീപിച്ചാല്‍ അതിന്മേലുള്ള ഉത്തരവ് ലഭിക്കുന്നതുവരെ കാത്തിരിക്കാന്‍ ആകും പോലീസിന്റെ തീരുമാനം.