ഒന്നര വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഉണര്‍ന്നു
സംസ്ഥാനം രൂപീകൃതമായതിനു ശേഷമുള്ള ഏറ്റവും വലിയ അടച്ചിടലിനു ശേഷം കേരളത്തിലെ സ്‌കൂളുകള്‍ തുറന്നു. കേരളം ജന്മദിനം ആഘോഷിക്കുന്ന നവംബര്‍ ഒന്നിന് തന്നെ കുരുന്നുകള്‍ വിദ്യാലയത്തില്‍ തിരികെ എത്തി. നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷമാണ് കുട്ടികള്‍ ഇന്ന് സ്‌കൂളുകളിലെത്തിയത്. എല്ലാവിധ കൊവിഡ് പ്രോട്ടോക്കോളുകളും പാലിച്ച് ആഘോഷപൂര്‍വമായി തന്നെയാണ് കുട്ടികളെ സ്‌കൂളിലേക്ക് വരവേറ്റത്. രാവിലെ എട്ടരക്ക് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടന്ന സംസ്ഥാനതല പ്രവേശനോത്സവം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പത്ത് ലക്ഷത്തിലേറെ കുട്ടികള്‍ ഇന്ന് സ്‌കൂളില്‍ എത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഒന്നാം ക്ലാസില്‍ മുന്‍വര്‍ഷത്തേക്കാള്‍ 27,000 കുട്ടികള്‍ അധികമായി ചേര്‍ന്നിട്ടുണ്ട്.
ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകള്‍. ഹാജറും രേഖപ്പെടുത്തില്ല. കുട്ടികളുടെ ആരോഗ്യത്തിനാണ് മുന്‍ഗണനയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എല്ലാ ദിവസവും റിവ്യൂ മീറ്റിങ് ഉണ്ടാകും. ഏത് പ്രതിസന്ധി വന്നാലും തരണം ചെയ്യാന്‍ സന്നാഹമുണ്ട്. സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളില്‍ കുറവ് ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ സ്‌കൂളിലേക്ക് എത്തുമ്പോള്‍ രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. പരമാവധി സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതോടൊപ്പം ഒരു വലിയ ഇടവേളക്ക് ശേഷം സ്‌കൂളിലെത്തുന്ന കുട്ടികളുടെ മാനസിക ആരോഗ്യം ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വാക്‌സിനെടുക്കാത്ത 2282 അധ്യാപകരോട് തത്കാലത്തേക്ക് സ്‌കൂളിലേക്ക് വരരുത് എന്നാണ് നിര്‍ദ്ദേശം. ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളും, 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളും ഇന്ന് സ്‌കൂളില്‍ എത്തും. 15 മുതല്‍ 8, 9, പ്ലസ് വണ്‍ ക്ലാസുകളും തുടങ്ങും.