സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം

വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സ്വപ്നയെ കൂടാതെ കൂട്ട് പ്രതികള്‍ ആയ സരിത്ത്, റോബിന്‍സണ്‍, റമീസ് എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. എന്‍.ഐ.എ കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഏഴു പ്രതികളില്‍ സ്വപ്നക്ക് മാത്രമാണ് ഇന്ന് പുറത്തിറങ്ങാന്‍ കഴിയുക. കൊഫെപോസ ചുമത്തിയതിനാല്‍ മറ്റ് പ്രതികള്‍ക്ക് ഇന്ന് പുറത്തിറങ്ങാന്‍ കഴിയില്ല.

സ്വപ്നയുടെ മേല്‍ ചുമത്തിയ കൊഫെപോസ കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു.അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. കസ്റ്റംസ്, ഇഡി കേസുകളില്‍ സ്വപ്നയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതോടെ സ്വപ്നക്ക് ജയിലില്‍ നിന്നു പുറത്തിറങ്ങാം. സ്വപ്നയുടെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

ജാമ്യം നിഷേധിച്ച എന്‍.ഐ.എ കോടതി ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്നും തങ്ങള്‍ക്കെതിരെ യു. എ.പി.എ ചുമത്തുവാന്‍ തക്ക തെളിവുകള്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ലെന്നുമാണ് സ്വപ്നയും, സരിത്തുമടക്കമുള്ള പ്രതികളുടെ വാദം. പ്രതികള്‍ക്കെതിരായി കൃത്യമായ തെളിവുകളുണ്ടെന്ന് എന്‍.ഐ.എയും കോടതിയെ അറിയിച്ചിട്ടുണ്ട്.