ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ; ബി.ജെ.പിക്ക് പല ഇടങ്ങളിലും തിരിച്ചടി

മൂന്ന് ലോക്‌സഭ സീറ്റിലേക്കും 13 സംസ്ഥാനങ്ങളിലെ 29 നിയമസഭ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുബോള്‍ പല ഇടങ്ങളും ബി ജെ പിക്ക് തിരിച്ചടി. പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്ന നാല് നിയമസഭ മണ്ഡലത്തിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയമുറപ്പിച്ചു. ഇതില്‍ രണ്ടെണ്ണം നേരത്തെ ബി ജെ പി ജയിച്ചവയാണ്. നാലിടത്തും വമ്പന്‍ ഭൂരിപക്ഷത്തിനാണ് ടിഎംസി ലീഡ് ചെയ്യുന്നത്. കൂടാതെ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ഹിമാചല്‍ പ്രദേശിലെ മാന്‍ഡി കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന വീര ഭദ്രസിംഗിന്റെ ഭാര്യയാണ് ഈ സീറ്റില്‍ വിജയിച്ചത്. വോട്ടെണ്ണല്‍ തുടരുന്ന ദാദര്‍ നഗര്‍ ഹവേലിയില്‍ ശിവസേനയും മധ്യപ്രദേശിലെ ഖാണ്ഡ്വയില്‍ ബി.ജെ.പിയുമാണ് മുന്നില്‍.

കര്‍ണാടകയില്‍ മുഖ്യമന്ത്രിയുടെ ജില്ലയില്‍ ബി.ജെ.പിക്ക് തോല്‍വി. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രചരണം നടത്തിയ ഹങ്ങലില്‍ ബിജെപി സ്ഥാനാര്‍ത്ഥി തോറ്റു. ഹിമാചല്‍ പ്രദേശിലെ മൂന്ന് സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചു. അസമില്‍ രണ്ട് സീറ്റില്‍ ബിജെപി വിജയിച്ചു.ഹിമാചലില്‍ കോണ്‍ഗ്രസ് രണ്ട് സീറ്റ് വിജയിച്ചു. മിസോ നാഷണല്‍ ഫ്രണ്ട് 1 സീറ്റ് നേടി. രാജസ്ഥാനില്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഒരു സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.

എന്നാല്‍ അസമില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭ സീറ്റില്‍ എല്ലായിടത്തും ബിജെപിയും സഖ്യകക്ഷികളുമാണ് മുന്നില്‍. മൂന്നിടത്ത് ബിജെപിയും രണ്ടിടത്ത് യുപിപിഎല്ലുമാണ് മുന്നില്‍. നേരത്തെ കോണ്‍ഗ്രസ് വിജയിച്ച രണ്ട് സീറ്റില്‍ ബിജെപിയാണ് മുന്നില്‍. ഹിമാചല്‍ പ്രദേശില്‍ രണ്ട് സീറ്റില്‍ കോണ്‍ഗ്രസും ഒരിടത്ത് ബി.ജെപിയും മുന്നിലാണ്. രാജസ്ഥാനിലെ രണ്ട് സീറ്റിലും കോണ്‍ഗ്രസാണ് മുന്നില്‍. ഇതിലൊരു സീറ്റ് നേരത്തെ ബിജെപി ജയിച്ചതാണ്.