ആപ്പിളിനെ പിന്നിലാക്കി മൈക്രോസോഫ്റ്റ്

ടെക് ലോകത്തെ ചിര വൈരികളാണ് ആപ്പിളും മൈക്രോസോഫ്റ്റും. എന്നിരുന്നാലും ആപ്പിള്‍ ആണ് കുറെ കാലമായി പല മേഖലകളിലും ഒന്നാമന്‍. എന്നാല്‍ ഇപ്പോളിതാ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിളിനെ പിന്നിലാക്കി മൈക്രോസോഫ്റ്റ് ഒന്നാമന്‍ ആയി. മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ വിപണി മൂല്യം 2.49 ട്രില്ല്യന്‍ ഡോളറാണ്. ആപ്പിള്‍ കമ്പനിയുടെ മൂല്യം 2.46 ട്രില്ല്യന്‍ ഡോളറുമാണ്. പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ 600 കോടി കുറഞ്ഞതാണ് ആപ്പിള്‍ ഇപ്പോള്‍ പിന്നോട് പോകാനുള്ള കാരണം. ആപ്പിള്‍ തന്നെ ഈ കാര്യം വ്യക്തമാക്കിയിരുന്നു. വാള്‍സ്ട്രീറ്റിന്റെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാന്‍ സാധിക്കാത്തതാണ് ഇപ്പോള്‍ വന്ന നഷ്ടത്തിന് പിന്നില്‍. ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ സാധനങ്ങളുടെ ലഭ്യതക്കുറവാണ് ഇപ്പോള്‍ ആപ്പിള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി.

എന്നാല്‍ ഈ അവസ്ഥ മൈക്രോസോഫ്റ്റ് പ്രയോജനകരമാകുകയാണ് ചെയ്തത്. മുന്‍വര്‍ഷത്തേക്കാള്‍ 22 ശതമാനം അധികവരുമാനം ആണ് മൈക്രോസോഫ്റ്റ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിനായി മൈക്രോസോഫ്റ്റ് ഉപയോഗിക്കുന്ന തന്ത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ക്ലൗഡ് കംപ്യൂട്ടിങും ഓഫിസ് പ്രോഡക്ടിവിറ്റി സബ്‌സ്‌ക്രിപ്ഷനുകളുമാണ് മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. ഇവയ്ക്ക് ഐഫോണും മറ്റു ഉപകരണങ്ങള്‍ പോലെയും പബ്ലിസിറ്റി കുറവാണെങ്കിലും ഈ ബിസിനസുകള്‍ വളരെയധികം ലാഭം നേടാന്‍ സഹായിക്കുന്നുണ്ട്. ഇതുതന്നെയാണ് നിക്ഷേപകരെ മൈക്രോസോഫ്റ്റിലേക്ക് ആകര്‍ഷിക്കുന്ന ഘടകവും. ലോകത്തെ തന്നെ ഏറ്റവും വലിയ 500 കമ്പനികളില്‍ 78 ശതമാനവും മൈക്രോസോഫ്ട് ക്ലൗഡാണ് ഉപയോഗിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ അമരക്കാരന്‍ സത്യാ നദെല്ല ഊന്നല്‍ കൊടുക്കാന്‍ ശ്രമിക്കുന്നതും ക്‌ളൗഡ് കമ്പ്യൂട്ടിങിനാണ്.