ഊളത്തരം ചെയ്താല്‍ ഒന്നു കിട്ടിയെന്നിരിക്കും ; ജോജു ജോര്‍ജ്ജിന് മറുപടിയുമായി പി സി ജോര്‍ജ്ജ്

കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജ്ജിനെ സപ്പോര്‍ട്ട് ചെയ്യുന്നവരാണ് ഇപ്പോള്‍ കൂടുതല്‍. ഏറ്റവും കൂടുതല്‍ തവണ ഇത്തരത്തിലുള്ള സമരങ്ങള്‍ നടത്തിയിട്ടുള്ള കമ്മ്യുണിസ്റ്റ് പാര്‍ട്ടി വരെ ഇപ്പോള്‍ ജോജുവിന് പിന്തുണയുമായി രംഗത്ത് ഉണ്ട്. എന്നാല്‍ ജോജുവിന് അതി രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് പി സി ജോര്‍ജ്ജ്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളില്‍ ജനവും കുറച്ചു ബുദ്ധിമുട്ടുമെന്ന് പി.സി ജോര്‍ജ്.

അതേസമയം ജോജു ജോര്‍ജിന്റെ ആശിച്ചു വാങ്ങിയ കാര്‍ തല്ലിപ്പൊളിപ്പൊളിക്കേണ്ടായിരുന്നുവെന്നും പക്ഷേ ഊളത്തരം ചെയ്താല്‍ ഒന്നു കിട്ടിയെന്നിരിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ജോജുവിന് മാളയില്‍ സ്ഥാനാര്‍ഥിയാകാന്‍ കൊതിയാണ്. അതിന് ഈ പണിയും കൊണ്ടാണോ നടക്കുന്നത്. ഇത് വിലകുറഞ്ഞു പോയി. ജോജുവിനെതിരെ കേസെടുക്കണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസുകാര്‍ ആദ്യമായി തന്റേടത്തോടെ ഒരു സമരം നടത്തിയപ്പോള്‍ അവരെ അഭിനന്ദിക്കുകയല്ലേ വേണ്ടതെന്നും പി.സി പറയുന്നു.ഇന്ധനവില വര്‍ധനവിനെതിരെ ജനപക്ഷം പാര്‍ട്ടി സമരം ചെയ്യുമെന്നും ഏഴാം തിയതി സമര തിയതി പ്രഖ്യാപിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. റോഡ് തടസപ്പെടുത്തി തന്നെ ജനപക്ഷം സമരം നടത്തുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. ജനങ്ങളെ തടഞ്ഞുള്ള സമരങ്ങള്‍ ആവശ്യമാണെന്ന് വാദിച്ച പി.സി ജോര്‍ജ് പഴയ സമര അനുഭവവും മാധ്യമങ്ങളോട് പങ്കുവെച്ചു.

മുന്‍പ് ‘ഞാന്‍ എറാണാകുളത്ത് നാലായിരം പേരുടെ ട്രെയിന്‍ തടയല്‍ വെച്ചു. പതിനഞ്ച് മിനുറ്റ് കൊണ്ട് പിരിയണമെന്നായിരുന്നു ആഗ്രഹം. 15 മിനുറ്റ് ബ്ലോക്ക് ചെയ്തപ്പോ റെയില്‍വേ ഉദ്യോഗസ്ഥര്‍ വന്നു പറഞ്ഞു, ”ഇപ്പോള്‍ കേരളത്തിലെ ട്രെയിനെല്ലാം ജാമായി. ഒരു 15 മിനുറ്റ് കൂടി തടഞ്ഞാല്‍ സൗത്ത് ഇന്ത്യ മുഴുവന്‍ ജാമാകുമെന്ന്”. ഞാന്‍ പിന്നെ ഒരു 15 മിനുറ്റ് കൂടി ഇരുന്നോട്ടെയെന്ന് വെച്ചു. ഇങ്ങനെയൊരു സമരം നടക്കുന്നുണ്ടെന്ന് എല്ലാവരും ഒന്നും അറിഞ്ഞോട്ടെയെന്ന് വെച്ചു. നോട്ടുനിരോധനത്തിനെതിരെയായിരുന്നു ആ സമരം. പി സി വ്യക്തമാക്കി.