ശ്രീജേഷിന് ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം
കേരളത്തിന് അഭിമാനമായി മലയാളി ഹോക്കി താരം ശ്രീജേഷിന് ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം. ടോക്കിയോ ഒളിംപിക്‌സില്‍ ഹോക്കി വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ടീമിന്റെ മലയാളി ഗോള്‍ കീപ്പര്‍ ആയിരുന്നു ശ്രീജേഷ്. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരമാണ് ശ്രീജേഷ് നേടിയത്. കേന്ദ്ര കായിക മന്ത്രാലയമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
ശ്രീജേഷിനു പുറമേ, ടോക്കിയോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര , ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടിയ രവി കുമാര്‍ ദഹിയ, ബോക്‌സിങ്ങില്‍ വെങ്കലം നേടിയ ലവ്ലിന ബോള്‍ഗൊഹെയിന്‍ എന്നിവര്‍ അടക്കം ആകെ 12 പേര്‍ക്കാണ് പുരസ്‌കാരം. ഈ മാസം 13ന് പുരസ്‌കാരം സമ്മാനിക്കും. ദ്രോണചാര്യ പുരസ്‌കാരം മലയാളിയായ രാധാകൃഷ്ണന്‍ നായര്‍ക്ക് ലഭിച്ചു. ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിന്റെ ചീഫ് കോച്ചാണ് അദ്ദേഹം. 35 കായിക താരങ്ങള്‍ക്ക് അര്‍ജ്ജുന അവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മലയാളി താരങ്ങള്‍ ആര്‍ക്കും ഇത്തവണ അര്‍ജ്ജുന പുരസ്‌കാരമില്ല.