ആശ്വാസം ; പെട്രോള്‍ ഡീസല്‍ തീരുവ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

കുതിച്ചുയരുന്ന പെട്രോള്‍ ഡീസല്‍ വിലയില്‍ ചെറിയ ഒരു ആശ്വാസം. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രം കുറച്ചു.ഇതോടെ രാജ്യത്ത് ഇന്ധന വില കുറയും. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയും. പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. ഇന്ധന വിലയില്‍ ഈ വര്‍ഷത്തെ റെക്കോര്‍ഡ് വര്‍ധനവിനു ശേഷമാണ് ഇപ്പോള്‍ വില കുറയുന്നത്. ഒക്ടോബറില്‍ പെട്രോള്‍ ലീറ്ററിന് 7.82 രൂപയും ഡീസല്‍ 8.71 രൂപയുമാണ് കൂടിയത്. ഇതിനു മുന്‍പ് ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചത് ഫെബ്രുവരിയിലാണ്.

ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികളാണ് പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിക്കുന്നത്. പുതിയ വില എല്ലാ ദിവസവും രാവിലെ 6 മണി മുതല്‍ പ്രാബല്യത്തില്‍ വരും. മൂല്യവര്‍ധിത നികുതികള്‍, പ്രാദേശിക, ചരക്ക് ചാര്‍ജുകള്‍ എന്നിവ വ്യത്യാസപ്പെടുന്നതിനാല്‍ സംസ്ഥാനങ്ങള്‍ക്കും നഗരങ്ങള്‍ക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്. നിലവില്‍, വിമാനക്കമ്പനികള്‍ക്ക് ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം (എടിഎഫ് അല്ലെങ്കില്‍ ജെറ്റ് ഇന്ധനം) വില്‍ക്കുന്ന വിലയേക്കാള്‍ 36.19 ശതമാനം കൂടുതലാണ് പെട്രോളിന്. ഡല്‍ഹിയിലെ എടിഎഫിന് കിലോ ലിറ്ററിന് 79,020.16 രൂപ അഥവാ ലിറ്ററിന് ഏകദേശം 79 രൂപയാണ്. ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് രാജ്യത്തെങ്ങും വിവിധ രാഷ്ട്രീയ സംഘടമനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തില്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ നവംബര്‍ 9 മുതല്‍ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചിരുന്നു.