ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം നിര്‍ത്തലാക്കുവാന്‍ തയ്യാറായി ഫേസ്ബുക്ക് ; നിലവിലെ ഡാറ്റകള്‍ ഡിലീറ്റ് ചെയ്യും
നിലവിലുള്ള ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം നിര്‍ത്തലാക്കാന്‍ തയ്യാറായി ഫേസ്ബുക്ക്. ഈ സംവിധാനം ഉപയോഗിച്ചിരുന്ന ഒരു ബില്യണ്‍ ഉപഭോക്താക്കളുടെ ഡാറ്റകളും ഡിലീറ്റ് ചെയ്യുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക് ഫേഷ്യല്‍ റെക്കഗ്‌നിഷനെ കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നതിനാലാണ് തീരുമാനമെന്നും ഫേസ്ബുക്ക് പറയുന്നു. ഫേസ്ബുക്കിന്റെ പുതിയ മാറ്റങ്ങള്‍ എന്ന് മുതല്‍ നിലവില്‍ വരുമെന്ന് അറിയിച്ചിട്ടില്ല. എന്നാല്‍ ഇത് വളരെ വലിയൊരു മാറ്റമായിരിക്കും എന്നാണ് വിചാരിക്കുന്നത്. വിവരങ്ങള്‍ അനുസരിച്ച് ഫേസ്ബുക്കിന്റെ മൂന്നില്‍ ഒന്ന് ഉപഭോക്താക്കളും ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. റിപ്പോര്‍ട്ടര്‍മാര്‍, നിയമനിര്‍മ്മാതാക്കള്‍, യുഎസ് റെഗുലേറ്റര്‍മാര്‍ എന്നിവരുടെ വിവരങ്ങള്‍ പുറത്ത് പോയെന്ന ആരോപണം നിലനില്‍ക്കെയാണ് പുതിയ തീരുമാനം.
ദിവസങ്ങള്‍ക്ക് മുന്‍പ് മാതൃ കമ്പനിയുടെ പേര് ഫേസ്ബുക്ക് മാറ്റിയിരുന്നു. മെറ്റ എന്നാണ് പുതിയ കമ്പനിക്ക് നല്‍കിയിരിക്കുന്ന പേര്. മാതൃകമ്പനിയുടെ പേരിലാണ് മാറ്റം വരുത്തിയിരിക്കുന്നതെന്നും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ പേരില്‍ മാറ്റമുണ്ടാകില്ലെന്നും സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. ഫേസ്ബുക്കിനെയോ മറ്റ് ആപ്ലിക്കേഷന്‍ സേവനങ്ങളെയോ സംബന്ധിച്ച കേസുകളും മറ്റും ഉടമസ്ഥ കമ്പനിയെ നേരിട്ട് ബാധിക്കാതിരിക്കാനാണ് പുതിയ തീരുമാനമെന്നാണ് സൂചന. ഫേസ്ബുക്കും മറ്റ് ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരിട്ട് മാതൃസ്ഥാപനത്തിന് ബാധ്യതയുണ്ടാക്കുന്നത് തടയാനാണ് മാറ്റമെന്ന് സക്കര്‍ബര്‍ഗ് അറിയിച്ചു.