കൂടുതല്‍ ഇളവുകള്‍ ; വിവാഹത്തിന് 200 പേര്‍ , ഒറ്റഡോസ് വാക്‌സീനെടുത്തവര്‍ക്കും സിനിമ കാണാന്‍ അനുമതി

കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍. ഒരു ഡോസ് വാക്‌സീനെടുത്തവര്‍ക്കും തീയേറ്ററുകളില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കി. വിവാഹചടങ്ങുകളിലും മരണചടങ്ങുകളിലും കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാനും അനുമതിയായി. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗമാണ് നിലവിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്.

ഒക്ടോബര്‍ അവസാനം തീയേറ്ററുകള്‍ തുറന്നെങ്കിലും ചലച്ചിത്രരംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന്റെ സഹായം വേണമെന്ന് വിവിധ ചലച്ചിത്ര സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കും തീയേറ്ററുകളില്‍ പ്രവേശനം നല്‍കാന്‍ ഇന്നത്തെ അവലോകനയോഗത്തില്‍ തീരുമാനമായത്. രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് മാത്രമാണ് ഇതുവരെ തീയേറ്ററുകളില്‍ പ്രവേശനം അനുവദിച്ചിരുന്നത്. വിവാഹങ്ങളില്‍ നൂറ് മുതല്‍ ഇരുന്നൂറ് പേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുമതി നല്‍കാന്‍ അവലോകനയോഗത്തില്‍ തീരുമാനമായി. ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവാഹ ചടങ്ങുകളില്‍ നൂറ് പേര്‍ക്ക് വരെ പങ്കെടുക്കാം. തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന വിവാഹചടങ്ങുകളില്‍ ഇരുന്നൂറ് പേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുമതിയുണ്ടാവും.

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നതിന് ശേഷമുള്ള സാഹചര്യവും ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ ചര്‍ച്ചയായി. ഇതുവരെ കാര്യങ്ങള്‍ നല്ല രീതിയിലാണ് നീങ്ങുന്നതെന്ന് യോഗം വിലയിരുത്തി. സ്‌കൂളില്‍ എത്തുന്ന കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന് യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്.