തുഷാരയും ഭര്‍ത്താവും നോ ഹലാല്‍ ബോര്‍ഡ് വെച്ചത് കേസുകള്‍ വഴി തെറ്റിക്കാന്‍
കൊച്ചിയില്‍ ഹോട്ടലിനു മുന്നില്‍ നോ ഹലാല്‍ ബോര്‍ഡ് വെച്ച് വാര്‍ത്തകളില്‍ നിറഞ്ഞ തുഷാരയും ഭര്‍ത്താവ് അജിത്തും ദീര്‍ഘനാള്‍ ജയിലിലാകുമെന്ന് സൂചന.വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് നിലവില്‍ രണ്ടു പേര്‍ക്കെതിരെയും സുഹൃത്തുക്കള്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്. ആക്രമിക്കപ്പെട്ട യുവാക്കളെ കൊലപ്പെടുത്താനായിരുന്നു തുഷാരയുടെയും സംഘത്തിന്റെയും ശ്രമമെന്നും സൂചനയുണ്ട്. നിലവില്‍ കേസിലെ എല്ലാ പ്രതികളും റിമാന്‍ഡിലാണ്. ചില്‍സേ ഫുഡ് സ്‌പോട്ട് എന്ന ഫുഡ് കോര്‍ട്ടില്‍ കട നടത്തുന്ന നകുല്‍, സുഹൃത്ത് ബിനോജ് ജോര്‍ജ് എന്നിവരെയാണ് തുഷാരയും സംഘവും ആക്രമിച്ചത്. ഫുഡ് കോര്‍ട്ടില്‍ ബോംബേ ചാട്ട്, ബേല്‍പൂരി എന്നിവ വില്‍ക്കുന്ന നകുലിന്റെ പാനിപൂരി സ്റ്റാള്‍ തുഷാരയും സംഘവും പൊളിച്ചുമാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത നകുലിനെയും ബിനോജ് ജോര്‍ജിനെയും ഇവര്‍ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.
വെട്ടേറ്റ ബിനോജ് ശസ്ത്രക്രിയയെ തുടര്‍ന്ന് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഫുഡ് കോര്‍ട്ടിലെ കടയില്‍ തനിക്ക് അവകാശമുണ്ടെന്ന് പറഞ്ഞായിരുന്നു തുഷാര ആക്രമണം നടത്തിയത്. എന്നാല്‍, ഫുഡ് കോര്‍ട്ടിന്റെ ഉടമസ്ഥതയെയും നടത്തിപ്പിനെയും സംബന്ധിച്ച് കേസുകള്‍ നിലവിലുണ്ടെന്നും വിശദമായ അന്വേഷണത്തിനൊടുവില്‍ പൊലീസ് കണ്ടെത്തി. നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് യുവാക്കള്‍ തന്നെ ആക്രമിച്ചെന്നായിരുന്നു തുഷാര ആദ്യം സോഷ്യല്‍മീഡിയയിലൂടെ പ്രചരിപിച്ചത്. വിശദമായ അന്വേഷണത്തില്‍ ഇത് വ്യാജപ്രചരണമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. യുവാക്കളെ വെട്ടി പരുക്കേല്‍പ്പിച്ച സംഭവം മറച്ചുവച്ചായിരുന്നു തുഷാരയുടെ വാദങ്ങള്‍. തുഷാരയുടെ വാദങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരുന്നു.
പിന്നാലെ, തുഷാരയ്ക്ക് നേരെ നടന്നത് ജിഹാദി ആക്രമണമാണെന്ന് ഉത്തരേന്ത്യയിലെ സംഘപരിവാര്‍ പ്രൊഫൈലുകളും പ്രചരിപ്പിച്ചു. കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ തടസമാണെന്ന് തരത്തില്‍ വ്യാപക പ്രചരണം സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളും നടത്തിയിരുന്നു. ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളും ആദ്യഘട്ടം മുതല്‍ തുഷാരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിരുന്നു. നോ ഹലാല്‍ ഭക്ഷണ വിവാദമാണ് തുഷാര സംഭവത്തിലുണ്ടായതെന്നും സംഘപരിവാറുകാരെ ഇങ്ങോട്ട് ആക്രമിക്കപ്പെടുകയായിരുന്നു എന്നുമാണ് മിക്ക നേതാക്കളും പറഞ്ഞത്. എന്നാല്‍ കേസിന്റെ ആദ്യഘട്ട അന്വേഷണത്തില്‍ തന്നെ ഈ വാദങ്ങള്‍ പൊളിഞ്ഞു. വലതുപക്ഷ നിലപാടുകളുള്ള രാഹുല്‍ ഈശ്വര്‍ വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്ത സംഭവത്തില്‍ ഖേദവും പ്രകടിപ്പിക്കുകയും ചെയ്തതോടെ സംഘപരിവാര്‍ നേതാക്കള്‍ ഉള്‍വലിഞ്ഞു.