യുവാവിന്റെ ശരീരത്തില്‍ തീവ്രവാദി’ എന്ന് മുദ്രകുത്തി ; ജയില്‍ സൂപ്രണ്ടിനെതിരെ അന്വേഷണം

യുവാവിന്റെ ശരീരത്തില്‍ തീവ്രവാദിയെന്ന് മുദ്രകുത്തിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിനെതിരെ അന്വേഷണം. പഞ്ചാബിലെ ബര്‍ണാല ജില്ലയിലെ വിചാരണ തടവുകാരന്‍ കരംജിത്ത് സിംഗ്(28) ആണ് പരാതിക്കാരന്‍. ശരീരത്തിന്റെ പിന്‍ഭാഗത്ത് മുതുകിലാണ് തീവ്രവാദി എന്ന് ഇരുമ്പ് ദണ്ഡ് കൊണ്ട് മുദ്ര കുത്തിയതെന്ന് കരംജിത്ത് ആരോപിക്കുന്നു. കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന്‍ മാന്‍സ ജില്ലയിലെ കോടതിയിലാണ് ആരോപണം ഉന്നയിച്ചത്. ”തടവുകാരുടെ അവസ്ഥ പരിതാപകരമാണ്. എയ്ഡ്സും ഹെപ്പറ്റൈറ്റിസും ഉള്ളവരെ പ്രത്യേക വാര്‍ഡുകളില്‍ പാര്‍പ്പിക്കാറില്ല, മോശമായി പെരുമാറിയെന്ന കാര്യം ഞാന്‍ ഉന്നയിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ജയില്‍ സൂപ്രണ്ട് എന്നെ തല്ലുമായിരുന്നു,’ കരംജിത്ത് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ ഉപമുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ഫിറോസ്പൂര്‍ ഡിഐജി തജീന്ദര്‍ സിംഗ് മൗറാണ് അന്വേഷണം നടത്തുന്നത്. അതിനിടെ, ജയില്‍ സൂപ്രണ്ട് ബല്‍ബീര്‍ സിംഗ് എല്ലാ ആരോപണങ്ങളും നിഷേധിക്കുകയും ‘കഥയുണ്ടാക്കി പറയാന്‍ കഴിയുന്ന കൊടും കുറ്റവാളിയാണ് കരംജിത്ത് സിങ്’ എന്ന് ബല്‍ബീര്‍ സിങ് ആരോപിക്കുകയും ചെയ്തു. ”ലഹരി മരുന്ന് കേസ് മുതല്‍ കൊലപാതകം വരെയുള്ള 11 കേസുകളിലാണ് കരംജിത്ത് വിചാരണ നേരിടുന്നത്, ഇപ്പോള്‍ അദ്ദേഹം ഞങ്ങള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആണ് ഉന്നയിക്കുന്നത്. അയാളെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലുകളില്‍ ഇടയ്ക്ക് പരിശോധന നടത്താറുണ്ട്. കഴിഞ്ഞ തവണ ഞങ്ങള്‍ അവന്റെ ബാരക്കില്‍ ഒരു സെല്‍ഫോണ്‍ കണ്ടെത്തി. നേരത്തെ കരംജിത്തിനെ സംഗ്രൂര്‍ ജില്ലയില്‍ പാര്‍പ്പിച്ചിരിക്കുമ്പോഴും ഇത്തരത്തില്‍ അനധികൃതമായി ജയിലില്‍ എത്തിച്ച കാര്യങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.”- ബല്‍ബീര്‍ സിങ് പറഞ്ഞു.