ഇനി ഗുളിക കഴിച്ചു കോവിഡിനെ തുരത്താം ; കോവിഡ് ഗുളികയ്ക്ക് ലോകത്താദ്യമായി അംഗീകാരം നല്‍കി ബ്രിട്ടന്‍

ബ്രിട്ടന്‍ ആണ് കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികയ്ക്ക് ആദ്യമായി അംഗീകാരം നല്‍കി ചരിത്രം സൃഷ്ടിച്ചത്. ‘മോല്‍നുപിറാവിര്‍’ എന്ന ആന്‍ഡി വൈറല്‍ ഗുളികയ്ക്കാണ് വ്യാഴാഴ്ച ദി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രൊഡക്ട്സ് റഗുലേറ്ററി അതോറിറ്റി (എം.എച്ച്.ആര്‍.എ) അംഗീകാരം നല്‍കിയത്. ഉയര്‍ന്ന അപകട സാധ്യതയുള്ള രോഗികള്‍ക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാധ്യതയുള്ളവര്‍ക്കും മെര്‍ക്ക് ആന്‍ഡ് റിഡ്ജേബാക്ക് ബയോ തെറാപ്യൂട്ടിക്സ് വികസിപ്പിച്ച ഗുളിക ഫലപ്രദമാണെന്ന് നീണ്ട ക്ലിനിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അത്തരം സാധ്യതകളെ ഗുളിക പകുതിയായി കുറയ്ക്കുമെന്നും കണ്ടെത്തിയിരിക്കുകയാണ്. അതുകൊണ്ട് കോവിഡ് ചികിത്സയില്‍ വലിയ മുന്നേറ്റമായി മാറാന്‍ സാധ്യതയുള്ള കണ്ടെത്തലാണിത്.

വളരെ കര്‍ശനമായ അവലോകനത്തിന് ശേഷമാണ് ബ്രിട്ടന്‍ മരുന്നിന് അംഗീകാരം നല്‍കിയതെന്നാണ് മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ് റഗുലേറ്ററി ഏജന്‍സിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഗുളികയുടെ സുരക്ഷിതത്വം, ഗുണമേന്മ, ഫലപ്രാപ്തി എന്നിവയെല്ലാം പരിശോധിക്കപ്പെട്ടുവെന്നും അവര്‍ വ്യക്തമാക്കി. കോവിഡ് ബാധിച്ചതോടൊപ്പം ഗുരുതര രോഗവുമുള്ള വാക്സിന്‍ സ്വീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ബ്രിട്ടന്‍ ഗുളിക നല്‍കുന്നത് അംഗീകരിച്ചിട്ടുണ്ട്. ക്ലിനിക്കല്‍ പരിശോധനയില്‍ അമിത വണ്ണമോ പ്രമേഹമോയുള്ള 60 വയസ്സിന് മുകളിലുള്ളവരിലാണ് കൂടുതല്‍ പ്രശ്നങ്ങള്‍ കണ്ടത്.ശാസ്ത്രജ്ഞരും ക്ലിനിക് പരിശോധകരും ഗുളികയുടെ ഫലപ്രാപ്തിയില്‍ സന്തുഷ്ടരാണെന്നും കോവിഡ് തീവ്രമായി വരുന്നവര്‍ക്ക് മരുന്ന് ഫലപ്രദമാണെന്നും പരിശോധന നടത്തിയ ഏജന്‍സി മേധാവിയായ ഡോ. ജ്യൂനെ റയ്നി പറഞ്ഞു. കോവിഡ് പ്രതിരോധത്തിലേക്കെത്തിയ പുതിയ ആയുധമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

അസുഖം ബാധിച്ചയുടന്‍ ഗുളിക കഴിക്കുന്നത് കൂടുതല്‍ ഫലപ്രദമാണെന്നാണ് ഗവേഷണത്തില്‍ തെളിഞ്ഞത്. കോവിഡ് ബാധിച്ച് ലക്ഷണങ്ങള്‍ തെളിഞ്ഞാല്‍ അഞ്ചു ദിവസത്തിനകം മരുന്ന് നല്‍കണമെന്നാണ് ബ്രിട്ടീഷ് ഏജന്‍സി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗുളികയെത്തുന്നതോടെ ആശുപത്രിക്ക് പുറത്ത് തന്നെ ഫലപ്രദ ചികിത്സ ലഭ്യമാക്കുന്നത് വന്‍മാറ്റമുണ്ടാക്കും. ഗുളിക യു.എസിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരത്തിനായും സമര്‍പ്പിച്ചിട്ടുണ്ട്. നവംബര്‍ അവസാനത്തോടെ സമിതി ഈ അപേക്ഷ ചര്‍ച്ച ചെയ്യാനായി യോഗം ചേരുന്നുണ്ട്. എന്നാല്‍ മരുന്നിന് കൂടുതല്‍ അംഗീകാരം ലഭിക്കുന്നതിന് മുമ്പ് തന്നെ സമ്പന്ന രാജ്യങ്ങള്‍ ഇവ വാങ്ങുന്നതിനുള്ള ഇടപാടുകള്‍ക്കായി നെട്ടോട്ടമോടുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡസന്‍ കണക്കിന് വികസ്വര രാജ്യങ്ങള്‍ക്ക് ‘മോല്‍നുപിറാവിര്‍’ ചെലവ് കുറച്ച് ഉത്പാദിപ്പിക്കാനും വില്‍ക്കാനും ലൈസന്‍സ് നല്‍കുമെന്ന പ്രഖ്യാപനം കഴിഞ്ഞ മാസം മെര്‍ക്ക് നടത്തിയിരുന്നു.