കേരളത്തില്‍ ഇന്ധന നികുതി കുറയ്ക്കേണ്ട എന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം
കേന്ദ്രം നടപ്പിലാക്കിയ നികുതി ഇളവ് സംസ്ഥാനത്ത് ഇല്ല. കേരളത്തില്‍ ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. സാഹചര്യം വിശദീകരിക്കാന്‍ ധനമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാവുമെന്നാണ് സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. കേന്ദ്രം അധിക നികുതി പൂര്‍ണമായും പിന്‍വലിക്കണം എന്ന് സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. കേരളം ഇന്ധനനികുതി കുറക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇന്ന് രാവിലെ പറഞ്ഞിരുന്നു.
നികുതി കുറയ്ക്കാന്‍ കേരളത്തിന് പരിമിതിയുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ വര്‍ഷം മാത്രം കേരളത്തിനുള്ള വിഹിതമായ 6400 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. 30 രൂപയിലധികമാണ് കേന്ദ്രം ഇന്ധനവില വര്‍ധിപ്പിച്ചത്. കേന്ദ്രത്തിന്റേത് പോക്കറ്റടിക്കാരന്റെ രീതിയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റ നിലപാടിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ വലിയ പ്രതിഷേധങ്ങളുമായാണ് രംഗത്ത് വരുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും അറിയിച്ചു.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം ഇതുവരെ കേരള സര്‍ക്കാര്‍ ഇന്ധനത്തിന് മുകളിലെ സംസ്ഥാന വാറ്റ് കൂട്ടിയിട്ടില്ലെന്ന് ജനത്തെ ബോധ്യപ്പെടുത്താനാണ് സിപിഎമ്മിന്റെ തീരുമാനം. ഇപ്പോഴത്തെ സാഹചര്യം വിശദീകരിക്കാനും സംസ്ഥാന നിലപാട് ജനത്തെ ബോധ്യപ്പെടുത്താനുമായി ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം ചുമതലപ്പെടുത്തി. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ച് കേന്ദ്ര സര്‍ക്കാര്‍ നടപടി പോക്കറ്റടിക്കാരന്റെ ന്യായം മാത്രമെന്ന് നേരത്തെ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു. ഇന്ധന നികുതിയില്‍ നിന്നുള്ള വരുമാനം വെച്ചാണ് സംസ്ഥാനം പെന്‍ഷനും ശമ്പളവുമടക്കമുള്ള ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നത്. നികുതി കുറയ്ക്കാനാവില്ലെന്നും കേരളം ആറ് വര്‍ഷത്തിനിടെ നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നും പറഞ്ഞ മന്ത്രി കൂട്ടിയ നികുതിയാണ് മറ്റ് സംസ്ഥാനങ്ങള്‍ കുറയ്ക്കുന്നതെന്നും പറഞ്ഞിരുന്നു.
കോവിഡിന്റെ അടക്കം വലിയ ബാധ്യത സംസ്ഥാനത്തിന് ഉണ്ടെന്നതാണ് സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയും ഇന്ധന വില കുറയ്ക്കാതിരിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്ന് തന്നെ സംസ്ഥാനത്ത് ഇപ്പോള്‍ വില കുറഞ്ഞിട്ടുണ്ട്. മുഖം മിനുക്കാനുള്ള പരിപാടിയാണ് ഇപ്പോള്‍ കേന്ദ്രത്തിന്റേതെന്നും മന്ത്രി പറഞ്ഞു. നിലവില്‍ സംസ്ഥാന വാറ്റ് പെട്രോള്‍ വിലയില്‍ 26 രൂപയ്ക്ക് മുകളിലുണ്ട്. ആനുപാതികമായ വര്‍ധനവ് ഇന്ധന വില വര്‍ധിപ്പിച്ചപ്പോഴെല്ലാം ഇതിലുണ്ടായിരുന്നു. ഇതില്‍ ആനുപാതികമായ കുറവ് ഇപ്പോള്‍ കേന്ദ്രം വില കുറച്ചതോടെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു രൂപ പോലും കുറയ്ക്കില്ലെന്ന നിലപാടിലാണ് ധനമന്ത്രി. അതേസമയം കടുത്ത വിമര്‍ശനം മറുഭാഗത്ത് ഉയരുമ്പോള്‍ സര്‍ക്കാരിന് വില കുറയ്‌ക്കേണ്ടി തന്നെ വന്നേക്കും.