ജോജുവിനെതിരായ ആക്രമണം ; ‘അമ്മ’യ്ക്കെതിരെ കെ ബി ഗണേഷ് കുമാര്‍

നടന്‍ ജോജുവിന് എതിരെ കൊച്ചിയില്‍ ഉണ്ടായ ആക്രമണത്തില്‍ മൗനം പാലിച്ച താരസംഘടനയായ അമ്മയ്ക്കെതിരെ ഗണേഷ് കുമാര്‍ എംഎല്‍എ. വിഷയത്തില്‍ സംഘടന നേതൃത്വം എന്തുകൊണ്ട് മൗനം പാലിച്ചെന്ന് മനസിലാകുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ പോലും ആക്രമണത്തെ അപലപിച്ചപ്പോള്‍ സെക്രട്ടറി ഇടവേള ബാബു മൗനം പാലിച്ചു എന്നാണ് ഗണേഷ് കുമാറിന്റെ ആരോപണം. വിഷയത്തില്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ നിശബ്ദത പ്രതിഷേധാര്‍ഹമെന്ന് കെ ബി ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. പ്രസിഡന്റിന്റെ തിരക്ക് മനസിലാക്കുന്നു എന്നാല്‍ സെക്രട്ടറി എന്തിന് നിശബ്ദത പാലിക്കുന്നു. സിനിമ പരസ്പരം കുശുമ്പുള്ള സ്ഥലമാണ് അതാവും അക്രമത്തെ ആരും അപലപിക്കാത്തത്. സംഘടനയുടെ സമീപനം മാറ്റണമെന്നും സംഘടന യോഗത്തില്‍ ഇക്കാര്യത്തിലെ പ്രതിഷേധം അറിയിക്കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

എന്നാല്‍ അമ്മ സംഘടനയ്ക്കെതിരായ കെ ബി ഗണേഷ് കുമാറിന്റെ ആരോപണം തള്ളി ഇടവേള ബാബു രംഗത്തെത്തി. താന്‍ തുടക്കത്തില്‍ തന്നെ വിഷയത്തില്‍ ഇടപെട്ടെന്ന് ഇടവേള ബാബു പറഞ്ഞു. ജോജുവിന്റെ വാഹനം തല്ലി പൊളിച്ചത് കോണ്‍ഗ്രസിന്റെ സംസ്‌കാരം ആണെന്ന് സംഘടന എക്സിക്യൂട്ടീവ് മെമ്പര്‍ ബാബുരാജ് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കും ഉണ്ട്. ജോജുവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ബാബുരാജ് പറഞ്ഞിരുന്നു.

ഇതിനിടെ ജോജു ജോര്‍ജ്-കോണ്‍ഗ്രസ് തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ നീക്കവും നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എറണാകുളം എംപി ഹൈബി ഈഡന്‍ എന്നിവരുടെ നേത്യത്വത്തിലാണ് സമവായ ചര്‍ച്ചകള്‍ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ജോജുവുമായി ചര്‍ച്ച നടത്തിയതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. ഇരു വിഭാഗത്ത് നിന്നുള്ളവരും തെറ്റുകള്‍ മനസിലാക്കിയെന്ന് വ്യക്തമാക്കിയാണ് ഡിസിസി പ്രസിഡന്റ് ഒത്ത് തീര്‍പ്പ് സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുന്നതായി അറിയിച്ചത്.