സകുടുംബം ഇംഗ്ലണ്ടിലേക്ക് താമസം മാറി അംബാനി

രാജ്യത്തെ ഏറ്റവും വലിയ കോടിശ്വരന്‍ ആയ മുകേഷ് അംബാനി ലണ്ടനിലെ സ്റ്റോക് പാര്‍ക്കില്‍ ഈയിടെ വാങ്ങിയ ആഡംബര ബംഗ്ലാവിലേക്ക് താമസം മാറി. ഭാവിയില്‍ മുംബൈയിലും ലണ്ടനിലുമായി മാറിമാറിയാകും അംബാനിയും കുടുംബവും താമസിക്കുകയെന്ന് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തു. സ്റ്റോക് പാര്‍ക്കിലെ ബക്കിങ്ഹാം ഷെയറില്‍ മുന്നൂറ് ഏക്കര്‍ വിസ്തൃതിയുള്ള ബംഗ്ലാവാണ് കഴിഞ്ഞ ഏപ്രിലില്‍ അംബാനി സ്വന്തമാക്കിയിരുന്നത്.

592 കോടി രൂപയാണ് ഇതിനായി മുടക്കിയത്. ബ്രിട്ടനിലെ പ്രധാനപ്പെട്ട കണ്‍ട്രി ക്ലബുകളില്‍ ഒന്നാണ് അംബാനി സ്വന്തമാക്കിയിട്ടുള്ളത്. സെലിബ്രിറ്റികള്‍ അടക്കം ഒത്തുകൂടുന്ന പഞ്ചനക്ഷത്ര ഹോട്ടലും ഗോള്‍ഫ് കോഴ്സും ഇതിലുണ്ട്. ജയിംസ് ബോണ്ടിന്റെ ഏറ്റവും വലിയ ഹോളിവുഡ് വിജയങ്ങളിലൊന്നായ ഗോള്‍ഡ് ഫിംഗറും നെറ്റ്ഫ്ളിക്സില്‍ തരംഗമായ ദ ക്രൗണ്‍ സീരിസും ഉള്‍പ്പെടെ നിരവധി സിനിമകള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

‘മുംബൈയിലേത് പോലെ കുത്തനെയുള്ള കെട്ടിടത്തിന് പകരം തുറസ്സായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീട്ടിലേക്ക് മാറാന്‍ അവര്‍ ആഗ്രഹിക്കുന്നു’ -എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തത്. അതുകൂടാതെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് മറ്റൊരു സ്ഥലത്തേക്ക് താമസം മാറുന്നതിനെ കുറിച്ച് അംബാനി കുടുംബം ചിന്തിച്ചതെന്ന് മിഡ് ഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈയിലെ ആറ്റ്ലമൗണ്ട് റോഡില്‍ സ്ഥിതി ചെയ്യുന്ന അന്റീലിയ എന്ന വീടിലാണ് ഇപ്പോള്‍ അംബാനി താമസിക്കുന്നത്.

കോവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഗുജറാത്തിലെ ജാംനഗറിലായിരുന്നു ശതകോടീശ്വരനും കുടുംബവും. റിലയന്‍സിന്റെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ജാംനഗര്‍. ഇത്തവണ അംബാനിയുടെ ദീപാവലി ആഘോഷവും സ്റ്റോക് പാര്‍ക്കിലെ ബംഗ്ലാവിലിരുന്നു. ഏറെക്കാലത്തിന് ശേഷം ആദ്യമായാണ് അംബാനി ദീപാവലി രാജ്യത്തിന് പുറത്ത് ആഘോഷിക്കുന്നത്. യുകെയിലെ വീട്ടില്‍ ക്ഷേത്രം ഒരുക്കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള ശില്‍പ്പിയാണ് മന്ദിറിലേക്ക് വേണ്ട ഗണേഷ, രാധാ-കൃഷ്ണ, ഹനുമാന്‍ വിഗ്രഹങ്ങള്‍ തയ്യാറാക്കുന്നത്.