സൗദിയില്‍ പുതിയ പത്തു സിനിമാ തിയറ്ററുകള്‍ കൂടി വരുന്നു
മാറ്റത്തിന്റെ പാതയിലാണ് സൗദി അറേബ്യ ഇപ്പോള്‍. കാലങ്ങളായി മുഖം തിരിച്ചു നിന്ന പലതും രാജ്യത്തു സ്ഥാപിക്കുകയാണ് ഭരണകൂടം. വ്യാപകമായി സിനിമാ തിയേറ്ററുകള്‍ നിര്‍മിക്കുന്നു എന്നതാണ് അതില്‍ ഒന്ന്. 2022 അവസാനത്തോടെ രാജ്യത്തെ പത്ത് നഗരങ്ങളില്‍ കൂടി തിയേറ്ററുകള്‍ നിര്‍മിക്കും. രാജ്യത്ത് നിലവില്‍ ആറ് നഗരങ്ങളിലാണ് സിനിമാ തിയേറ്ററുകളുള്ളത്. ലോകത്തെ പ്രമുഖ ഫിലിം എക്‌സിബിറ്റേഴ്‌സ് കമ്പനിയായ വോക്സ് സിനിമാസിന് നിലവില്‍ സൗദിയില്‍ 15 തിയേറ്ററുകളിലായി ആകെ 154 സ്‌ക്രീനുകളുണ്ട്.
അടുത്ത അഞ്ച് വര്‍ഷത്തിനകം തീയറ്ററുകളുടെ എണ്ണം മൂന്നിരട്ടിയാക്കി വര്‍ദ്ധിപ്പിക്കും. സൗദി വിപണിയില്‍ രണ്ടായിരത്തോളം സിനിമാ ശാലകള്‍ക്ക് സാധ്യതയുള്ളതായി പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. സൗദി അറേബ്യയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ചിത്രങ്ങളില്‍ പത്ത് ശതമാനം അറബി സിനിമകളാണ്. ഇത് ബോക്സ് ഓഫീസിന്റെ 25 ശതമാനത്തിലധികം വരും. 35 വര്‍ഷത്തിന് ശേഷം 2018ലാണ് സൗദി അറേബ്യയില്‍ സിനിമാ പ്രദര്‍ശനത്തിന് അനുമതി നല്‍കിയത്. 1980ന്റെ തുടക്കത്തിലാണ് സൗദിയില്‍ സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. 2018 ഏപ്രില്‍ മാസത്തില്‍ ഹോളിവുഡ് ചിത്രമായ ബ്ലാക് പാന്തര്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടാണ് രാജ്യത്ത് സിനിമാ വിപ്ലവത്തിന് തുടക്കമിട്ടത്.