ഇനി തിയറ്റുകളിലേയ്ക്ക് ഇല്ല എന്ന് ആന്റണി പെരുമ്പാവൂര്‍ ; ബ്രോ ഡാഡി അടക്കം അഞ്ചുസിനിമകളും ഒടിടിയില്‍

സിനിമ മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയറ്ററുകളില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ തന്റെ ഒരു സിനിമയും ഇനി തിയറ്ററില്‍ കാണിക്കില്ല എന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ഇനിയുള്ള മോഹന്‍ലാല്‍- ആന്റണി പെരുമ്പാവൂര്‍ സിനിമകളും തീയറ്ററില്‍ റിലീസ് ചെയ്യില്ലെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബ്രോഡാഡി അടക്കം ആശിര്‍വാദ് ഫിലിംസിന്റെ ഇനിയുള്ള അഞ്ച് സിനിമകളും ഒടിടിയിലായിരിക്കും റിലീസ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ നിര്‍ദേശിച്ചത് മോഹന്‍ലാലാണെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. സിനിമ ഒരുക്കിയത് തീയറ്ററില്‍ വരണമെന്ന് ആഗ്രഹിച്ച് തന്നെയാണ്. എന്നാല്‍, കോവിഡടക്കമുള്ള കാരണങ്ങളാല്‍ സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.

മരക്കാര്‍ സിനിമയുടെ ഭാഗമായവരെല്ലാം സിനിമ തിയറ്ററില്‍ തന്നെ കാണണമെന്ന് ആഗ്രഹിച്ചവരാണ്. 40 കോടിയോളം രൂപ തിയറ്റര്‍ ഉടമകള്‍ തന്നുവെന്ന് പ്രചാരണമുണ്ടായി. ഇത്രയും പണം നല്‍കി മുന്‍പ് ഒരു സിനിമയും തിയറ്ററില്‍ കളിച്ചിട്ടില്ല. മന്ത്രി സജി ചെറിയാനുമായി ചര്‍ച്ചയ്ക്ക് തയാറായതാണ്. എന്നാല്‍, തിയറ്റര്‍ ഉടമകള്‍ വിട്ടുവീഴ്ചയില്ലെന്ന് അറിയിച്ചതോടെയാണ് പങ്കെടുക്കാതിരുന്നത്. ഇതാണ് ഒടിടി ഔദ്യോഗിക പ്രഖ്യാപനത്തിലെത്തിച്ചതെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. വെള്ളിയാഴ്ച മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ നടക്കാനിരുന്ന ചര്‍ച്ചയും മുടങ്ങിയതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. തീയറ്റര്‍ ഉടമകളുടെ സംഘടനക്ക് കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്ന് മനസ്സിലായി. തിയറ്റര്‍ ഉടമകള്‍ 40 കോടിയുടെ അഡ്വാന്‍സ് തന്നു എന്നത് തെറ്റാണ്. ഇത്രയും വലിയൊരു തുക ഒരു സിനിമക്കും ഇതുവരെ അഡ്വാന്‍സ് ലഭിച്ചിട്ടില്ല. 4.895 കോടി രൂപയാണ് തീയറ്റര്‍ ഉടമകള്‍ തന്നത്. പിന്നീട് ആ പൈസ തിരിച്ചുകൊടുത്തു. നാല് വര്‍ഷം മുമ്പത്തെ കണക്കുപ്രകാരം ഒരു കോടി ഇപ്പോഴും തീയറ്ററുകള്‍ തരാനുമുണ്ട്- ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

തീയറ്റര്‍ ഉടമകള്‍ എന്നും തങ്ങളെ സഹായിച്ചവരാണ്. എന്നാല്‍, ഇത്തവണ അവര്‍ തന്നെ അവഗണിക്കുകയായിരുന്നു. ഒരുപാട് തവണ ഉടമകള്‍ യോഗം ചേര്‍ന്നെങ്കിലും ഒരുതവണ പോലും തന്നെ അതിലേക്ക് വിളിച്ചിട്ടില്ല. അത് വളരെ സങ്കടകരമാണ്. കഴിഞ്ഞതവണ തീയറ്ററുകള്‍ തുറന്നപ്പോള്‍ സിനിമ റിലീസ് ചെയ്യാന്‍ 230 തീയറ്ററുകളിലേക്ക് എഗ്രിമെന്റ് അയച്ചിരുന്നു. എന്നാല്‍, 89 ഇടങ്ങളില്‍നിന്ന് മാത്രമാണ് തിരികെ ലഭിച്ചത്. തങ്ങള്‍ക്ക് തീയറ്ററുകളില്‍നിന്ന് പിന്തുണയില്ലെന്ന് ഇതോടെ മനസ്സിലായി. രണ്ടാമത് തീയറ്ററുകള്‍ തുറന്നപ്പോള്‍ നിരവധി സിനിമകള്‍ അവര്‍ ഷെഡ്യൂള്‍ ചെയ്തു.

എന്നാല്‍, ഒരാള്‍ പോലും തന്നോട് മരക്കാര്‍ റിലീസ് ചെയ്യുന്ന കാര്യം ചോദിച്ച് വിളിച്ചിട്ടില്ല. ഈ സങ്കടം മോഹന്‍ലാലിനോട് പറഞ്ഞപ്പോഴാണ് ഒടിടിയില്‍ റിലീസ് ചെയ്യാന്‍ നിര്‍ദേശിച്ചത്. സംവിധായകന്‍ പ്രിയദര്‍ശനും ഇതിനെ പിന്തുണച്ചു. മോഹന്‍ലാലിന്റെ അടുത്ത അഞ്ച് ചിത്രങ്ങളും ഒ ടി ടിയിലാകും റിലീസ് ചെയ്യുക. ബ്രോ ഡാഡി, ട്വല്‍ത് മാന്‍, എലോണ്‍ തുടങ്ങിയ സിനിമകളാണ് ഒ ടി ടിയില്‍ വരിക -ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.. 21 ദിവസം ഈ സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷെ പ്രതീക്ഷിച്ചപോലെ എല്ലാ തിയറ്ററില്‍നിന്നും പിന്തുണ ലഭിച്ചില്ല. കോവിഡ് പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ തന്ന നിര്‍ദേശത്തിലാണ് സിനിമ ഒടിടിയിലേക്ക് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.