ആര്യന്‍ ഖാന്‍ കേസ് ; അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ മാറ്റി

ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ മാറ്റി. ആര്യന്‍ ഖാന്‍ കേസ് അടക്കം എന്‍സിബി മുംബൈ സോണല്‍ യൂണിറ്റ് അന്വേഷിക്കുന്ന ആറ് കേസുകളാണ് മാറ്റിയത്. ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട കേസ് സഞ്ജയ് സിംഗ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള എന്‍സിബി സംഘമാകും ഇനി അന്വേഷിക്കുക. എന്‍സിബിയുടെ ദില്ലി ആസ്ഥാനം നേരിട്ട് മേല്‍നോട്ടം വഹിക്കും. പുതിയ അന്വേഷണ സംഘം നാളെ മുംബൈയില്‍ എത്തും.

ഇതൊരു തുടക്കം മാത്രമാണെന്നായിരുന്നു സമീര്‍ വാങ്കഡെയെ മാറ്റിയ നടപടിയോട് മഹാരാഷ്ട്ര എന്‍സിബി മന്ത്രി നവാബ് മാലിക്കിന്റെ പ്രതികരണം. അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും എന്‍സിപി മന്ത്രി പറഞ്ഞു. സമീര്‍ വാങ്കഡെയ്ക്ക് എതിരെ തുടര്‍ച്ചയായി വിമര്‍ശനങ്ങളുന്നയിച്ച മന്ത്രി, വാങ്കഡെയുടേത് ആഢംബര ജീവിതമാണെന്നും ഷാരുഖില്‍ നിന്ന് പണം തട്ടാനാണ് ആര്യനെ കുടുക്കിയതെന്നുമായിരുന്നും ആരോപിച്ചിരുന്നു. പദവി ദുരുപയോ?ഗം ചെയ്ത് പലരില്‍ നിന്നായി സമീര്‍ വാങ്കഡെ കൈക്കൂലി വാങ്ങിയതായും മന്ത്രി വിമര്‍ശിച്ചിരുന്നു.

ആര്യന്‍ കേസുമായി ബന്ധപ്പെട്ട് സാക്ഷിയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സമീര്‍ വാങ്കഡെ ആഭ്യന്തര അന്വേഷണം നേരിടുകയാണ്. ഷാരുഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ സമീര്‍ വാങ്കഡയെ വിജിലന്‍സ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സമീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പേര് വെളിപ്പെടുത്താത്ത ഒരു എന്‍സിബി ഉദ്യോഗസ്ഥന്‍ എഴുതിയ കത്ത് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യല്‍. ആര്യന്‍ ഖാനില്‍ നിന്ന് പിടിച്ച ലഹരി മരുന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ തന്നെ കൊണ്ടു വച്ചതെന്നാണ് വെളിപ്പെടുത്തല്‍ വന്നിട്ടുള്ളത്. ഷാരുഖ് ഖാനില്‍ നിന്ന് 18 കോടിയെങ്കിലും തട്ടിയെടുക്കാനായിരുന്നു സമീര്‍ വാങ്കഡെ അടക്കമുള്ളവരുടെ ശ്രമമെന്നാണ് കേസിലെ സാക്ഷികളിലൊരാള്‍ നടത്തിയ വെളിപ്പെടുത്തല്‍.