ട്രോളുകള്‍ സത്യമായി ; കുറുപ്പിന്റെ ട്രയിലര്‍ വാപ്പിച്ചിയുടെ ഫോണ്‍ അടിച്ചു മാറ്റി ഇട്ടതാണ് എന്ന് ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ക്കര്‍ സല്‍മാന്‍ നായകനായി റിലീസ് ആകാന്‍ പോകുന്ന സിനിമയാണ് കുറുപ്പ്. കേരളം കണ്ട ഏറ്റവും വലിയ കുറ്റവാളിയായ സുകുമാര കുറുപ്പിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. എന്നാല്‍ ട്രൈലറിനെക്കാള്‍ ഏവരും ശ്രദ്ധിച്ചത് മമ്മൂട്ടിയുടെ ഫേസ്ബുക്ക് ഇന്‍സ്റ്റാ പേജുകളില്‍ ചിത്രത്തിന്റെ ട്രെയ്ലര്‍ ഷെയര്‍ ചെയ്തത് ആണ്. കാരണം സിനിമയില്‍ വന്നു കാലം ഇത്ര ആയിട്ടും ദുല്‍ക്കറിന്റെ സിനിമ സംബന്ധമായ ഒന്നും തന്നെ പ്രമോഷന്‍ ചെയ്യാത്ത വ്യക്തി ആയിരുന്നു മമ്മൂട്ടി. അതുകൊണ്ടു തന്നെ ഇത്തവണ ഷെയര്‍ ചെയ്തത് എല്ലാവരെയും അമ്പരിപ്പിച്ചു. അതിനെ പിന്‍പറ്റി പല ട്രോളുകളും വന്നിരുന്നു. എന്നാലിപ്പോള്‍ വന്ന ട്രോള്‍ എല്ലാം സത്യമാണ് എന്ന തരത്തിലാണ് ദുല്‍ക്കറും പറയുന്നത്.

കുറുപ്പിന്റെ ട്രയിലര്‍ താന്‍ ഉപ്പയുടെ ഫോണ്‍ അടിച്ചുമാറ്റി ചെയ്തതാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. കോവിഡിന് ശേഷം വരുന്ന ആദ്യത്തെ സിനിമയായതു കൊണ്ട് പരമാവധി ആളുകളോട് ചിത്രം പ്രൊമോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. കുറുപ്പ് സിനിമയുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാന്‍ മമ്മൂക്കയുടെ കൈയില്‍ നിന്ന് ഫോണ്‍ അടിച്ചു മാറ്റി ഇട്ടതാണത്. ഞാന്‍ സാധാരണ ആരോടും അങ്ങനെ റിക്വസ്റ്റ് ചെയ്യാത്തയാളാണ്. പൊതുവെ എന്റെ സിനിമകള്‍ ഒറ്റയ്ക്കാണ് പ്രൊമോട്ട് ചെയ്യാറുള്ളത്. കോവിഡിന് ശേഷം വരുന്ന ആദ്യത്തെ സിനിമയായതു കൊണ്ട് ഞാന്‍ മാക്സിമം ആള്‍ക്കാരോട് ഷെയര്‍ ചെയ്യണം എന്ന് പറയാറുണ്ട്. വീട്ടില്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഞാന്‍ ഫോണെടുക്കുവാണേ എന്ന് വാപ്പിച്ചിയോട് പറഞ്ഞു. എന്നിട്ട് ഞാന്‍ തന്നെയാണ് പോസ്റ്റ് ചെയ്തത്.’ – താരം പറഞ്ഞു.

ഒരുപാട് ഗെറ്റപ്പില്‍ വരുന്ന ക്യാരക്ടറാണ് കുറുപ്പിന്റേതെന്ന് ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. ‘ഈ വേഷം എനിക്ക് പുതിയ അനുഭവമാണ്. അതിന്റെ റിസല്‍ട്ട് സ്‌ക്രീനില്‍ കാണുമെന്ന് വിശ്വസിക്കുന്നു. യഥാര്‍ത്ഥ കഥയ്ക്കൊപ്പം ഇതില്‍ സിനിമാറ്റിക് എക്സ്പീരിയന്‍സ് കൂടിയുണ്ട്.’ – താരം വ്യക്തമാക്കി. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 12നാണ് തിയേറ്ററിലെത്തുന്നത്. ചിത്രത്തിന്റെ പ്രീ ബുക്കിങ്ങിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. 35 കോടി രൂപയാണ് ചിത്രത്തിന്റെ മുടക്കമുതല്‍. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.