മദ്യലഹരിയില്‍ മകന്‍ അച്ഛനെ അടിച്ച് കൊന്നു

മദ്യ ലഹരിയില്‍ മകന്‍ അച്ഛനെ അടിച്ചു കൊന്നു. ഇന്നലെ രാത്രി നേമം പഴയ കാരയ്ക്കാമണ്ഡപം സെന്റ് ആന്റണീസ് ചര്‍ച്ചിന്റെ അടുത്താണ് സംഭവം നടന്നത്. നേമം സ്വദേശി ഏലിയാസ് (80) ആണ് കൊല്ലപ്പെട്ടത്. ഏലിയാസിന്റെ മകന്‍ 52 വയസ്സുള്ള ക്ലീറ്റസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപിച്ചെത്തിയ ക്ലീറ്റസ് അച്ഛന്‍ ഏലിയാസുമായി വഴക്കുണ്ടാക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പരിക്കേറ്റ ഏലിയാസിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

അച്ഛനും മകനും കഴിഞ്ഞ ഒരു വര്‍ഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. മിക്ക ദിവസം ഇരുവരും മദ്യപിച്ച് വഴക്ക് ഉണ്ടാക്കുക പതിവായിരുന്നു. പലപ്പോഴും നാട്ടുകാര്‍ തന്നെ വിവരം അറിയിച്ച് പൊലീസ് എത്തുക പതിവായിരുന്നു. ഏലിയാസിന് കുത്തേറ്റിരുന്നുവെന്നും സംശയമുണ്ട്. മദ്യ ലഹരിയിലുണ്ടായ കൊലപാതകമാണെന്നും ക്ലീറ്റസ് സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.