മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവില്‍ ഇടഞ്ഞ് സിപിഐ ; അന്വേഷിക്കണമെന്ന് കാനം

മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവില്‍ ഇടഞ്ഞ് ഭരണ കക്ഷിയായ സിപിഐ. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താന്‍ 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയത് ഗൗരവ വിഷയമെന്നും വിഷയം സര്‍ക്കാര്‍ പരിശോധിച്ച് നടപടിയെടുക്കണമെന്ന് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് വേണ്ടതെന്നും കാനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ കേരളത്തിന്റെ പ്രധാന വിഷയമാണ്. അതിനാല്‍ ഉദ്യോഗസ്ഥര്‍ മാത്രം തീരുമാനങ്ങള്‍ എടുക്കുന്നത് ശരിയല്ലെന്ന് അദ്ദേ?ഹം കൂട്ടിച്ചേര്‍ത്തു. കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

അതുപോലെ കേരളം ഇന്ധന നികുതി കുറക്കേണ്ടതില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ആറ് വര്‍ഷമായി നികുതി കൂട്ടിയിട്ടില്ല. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെത്തിനെക്കാള്‍ 1 ശതമാനം നികുതി ഇടത് സര്‍ക്കാര്‍ കുറക്കുകയും ചെയ്തു. കൂട്ടിയവര്‍ കുറക്കട്ടെ എന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ജി സുധാകരനെതിരായ നടപടി സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണ്. അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.