പെട്രോളിന് വില കുറയ്ക്കുന്ന ആദ്യ കോണ്‍ഗ്രസ്സ് ഭരണ സംസ്ഥാനമായി പഞ്ചാബ്
കേന്ദ്രത്തിനു പിന്നാലെ ഇന്ധനവില കുറച്ച് പഞ്ചാബും. പെട്രോള്‍ ലിറ്ററിന് പത്തും ഡീസലിന് അഞ്ചും രൂപ കുറയ്ക്കാന്‍ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചു. പുതുക്കിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജീത്ത് സിങ് ചന്നി അറിയിച്ചു. ഇന്ധനങ്ങളുടെ എക്സൈസ് നികുതി കേന്ദ്രം കുറച്ചതിനു പിറകെയാണ് പഞ്ചാബ് സര്‍ക്കാര്‍ തീരുമാനം. മൂല്യവര്‍ധിത നികുതി(വാറ്റ്) നിരക്ക് കുറച്ചായിരിക്കും പഞ്ചാബ് പെട്രോള്‍, ഡീസല്‍ വില കുറക്കുക. പെട്രോള്‍ ലിറ്ററിന് 96.16 രൂപയും ഡീസലിന് 84.80 രൂപയുമായിരിക്കും പുതുക്കിയ നിരക്ക്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ സംസ്ഥാനം നികുതി കുറയ്ക്കുന്നത് ആദ്യമാണെന്ന് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം ആദ്യം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി.
ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ധനവില കുറക്കാന്‍ തീരുമാനിച്ചതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ചന്നി പറഞ്ഞു. അതേസമയം ഇന്ധന വില കുറയ്ക്കുന്ന ആദ്യ കോണ്‍ഗ്രസ്സ് ഭരണ സംസ്ഥാനമാണ് പഞ്ചാബ്.നേരത്തെ തന്നെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, അസം, ത്രിപുര, മണിപ്പൂര്‍, കര്‍ണാടക, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ സര്‍ക്കാരുകളും ഇന്ധനവില കുറച്ചിരുന്നു.18 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും വില കുറച്ചു. യുപിയും ഹരിയാനയും കേന്ദ്ര നികുതി കൂടി ഉള്‍പ്പെടുത്തി 12 രൂപ കുറച്ചെന്നും കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍ എന്ത് സംഭവിച്ചാലും വില കുറയ്ക്കില്ല എന്ന കടുത്ത തീരുമാനത്തിലാണ് കേരളം. കേന്ദ്രമാണ് ഇനിയും വില കുറയ്ക്കേണ്ടത് എന്ന നിലപാടിലാണ് സംസ്ഥാനം. കഴിഞ്ഞ 18 മാസത്തിനിടെ 35 രൂപയുടെ വര്‍ധനവാണ് പെട്രോളിനും 26 രൂപയുടെ വര്‍ധന ഡീസിലിനും ഉണ്ടായത്.