കൊല്ലത്ത് ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊന്നശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി
കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ആണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. നീലേശ്വരം പൂജപ്പുര വീട്ടില്‍ രാജേന്ദ്രനെ (55) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാജേന്ദ്രന്റെ ഭാര്യ അനിത (50), മക്കളായ ആദിത്യ രാജ് (24), അമൃത (21) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യയെയും മക്കളെയും വെട്ടികൊന്നതിനു ശേഷം രാജേന്ദ്രന്‍ തൂങ്ങിമരിക്കുകയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ ആണ് കൊലപാതകത്തിന് പിന്നില്‍ എന്ന് പോലീസ് പറയുന്നു. അതുപോലെ രാജേന്ദ്രന്‍ മാസനികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്ന ആളാണെന്ന് ബന്ധുക്കള്‍ സൂചിപ്പിക്കുന്നു. വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആറ് ലക്ഷം രൂപയുടെ കടമുണ്ടായിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. നീലേശ്വരം ജങ്ഷനില്‍ ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്നു രാജേന്ദ്രന്‍.
സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന ആദിത്യ രാജ് രാവിലെ ജോലിക്ക് എത്താതതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വീട്ടില്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് ദാരുണ സംഭവത്തെ കുറിച്ചറിയുന്നത്. സാമ്പത്തിക ബാധ്യതയാണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ രാജേന്ദ്രനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൂവര്‍ക്കും കഴുത്തിനാണ് വെട്ടേറ്റത്. റൂറല്‍ എസ് പി കെ ബി രവിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കടബാധ്യതയെ തുടര്‍ന്ന് രാജേന്ദ്രന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസും കരുതുന്നത്.സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിനിടെ ചെറുത്തുനില്‍പ്പ് ഉണ്ടായില്ല എന്നാണ് കരുതുന്നത്. ഭക്ഷണത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയോ എന്ന് സംശയമുണ്ട് .
രാജേന്ദ്രന്റെ ഭാര്യയുടെയും മക്കളുടെയും ശരീരത്തില്‍ അതി ഗുരുതരമായ മുറിവുകളാണുള്ളതെന്ന് നെടുവത്തൂര്‍ പഞ്ചായത്ത് അംഗം രാജശേഖരന്‍ പിള്ള പറയുന്നു. രാജേന്ദ്രന്‍ ഇത്രയും ക്രൂര കൃത്യം ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. രാജേന്ദ്രന്റെ മകന്‍ ആദിത്യ രാജിന്റെ സഹപ്രവര്‍ത്തകനാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ആദിത്യ രാജിനെ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കൂട്ടക്കൊലയും ആത്മഹത്യയും സംബന്ധിച്ച് പുറംലോകം അറിയുന്നത്. ഇന്ന് രാവിലെ ആറു മണിയോടെ ഈ വീട്ടില്‍ പാല്‍ നല്‍കുന്നയാള്‍ ഇവിടെ എത്തിയെങ്കിലും കതക് അടഞ്ഞ് കിടന്നതിനാല്‍ പാല്‍ പുറത്തുവെച്ച ശേഷം മടങ്ങുകയായിരുന്നു.