വീണ്ടും ഷൂട്ടിങ് തടസപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് ; സംരക്ഷണം നൽകുമെന്ന് ഡി വൈ എഫ് ഐ
നടന്‍ ജോജുവിനോടുള്ള പ്രതിഷേധം മുഴുവന്‍ സിനിമാ മേഖലയിലേക്കും പടര്‍ത്തി യൂത്ത് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം പൃഥ്വിരാജ് ഷാജി കൈലാസ് സിനിമയായ കടുവയുടെ ലൊക്കേഷനില്‍ ഷൂട്ടിങ് തടഞ്ഞ പാര്‍ട്ടിക്കാര്‍ ഇന്ന് ശ്രീനിവാസന്‍ നായകനായ കീടം എന്ന സിനിമയുടെ ഷൂട്ടിങ് ആണ് തടസപ്പെടുത്തിയത്. എറണാകുളം പുത്തന്‍കുരിശില്‍ ചിത്രീകരിക്കുന്ന സിനിമയുടെ സെറ്റിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കോണ്‍ഗ്രസിന്റെ ജനകീയ പോരാട്ടങ്ങള്‍ക്കെതിരെ നടക്കുന്ന എല്ലാ നടപടികളെയും എതിര്‍ക്കും എന്ന മുദ്രാവാക്യത്തോടെയായിരുന്നു പ്രതിഷേധം. ഇതോടെ ഷൂട്ടിംഗ് തടസ്സപ്പെട്ടു.
ഇന്നലത്തെ പ്രതിഷേധത്തില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പ്രതിപക്ഷ നേതാവിനു കത്തയച്ചിരുന്നു. ഒരു വ്യക്തിയോടുള്ള വൈരാഗ്യം ഒരു കലാരൂപത്തോട് തീര്‍ക്കരുത്. അതിനാല്‍, ഇത്തരം പ്രതിഷേധ മാര്‍ച്ചുകളെ തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. സിനിമ പ്രവര്‍ത്തകന്‍ ഒറ്റപ്പെടരുതെന്ന് കരുതിയാണ് വിഷയത്തില്‍ ഇടപെട്ടത്. കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്വം ജോജു ജോര്‍ജുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ച അട്ടിമറിച്ചത് താനല്ലെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ കത്തില്‍ പരാമര്‍ശിച്ചു.
ഇതിനിടെ ചിത്രീകരണത്തിന് സംരക്ഷണം ഒരുക്കുമെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ രംഗത്തെത്തി. സിനിമ ചിത്രീകരണങ്ങള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ച് നടത്തിയ മാര്‍ച്ച്, നടന്‍ ജോജു ജോര്‍ജിനെതിരെയുള്ള പ്രതിഷേധവും കൂടിയാക്കി മാറ്റിയത്. ചിത്രീകരണ അനുമതി ലഭിച്ച സിനിമയുടെ ചിത്രീകരണം തടയുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
സിനിമാ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ പിന്തുണ ഡിവൈഎഫ്‌ഐ വാഗ്ദാനം ചെയ്യുന്നു. കെ സുധാകരന്റെ വരവോടുകൂടി, ആര്‍എസ്എസിനെപ്പോലെ അസഹിഷ്ണുതയുടെ കേന്ദ്രമായി കോണ്‍ഗ്രസ്സ് മാറിക്കഴിഞ്ഞതിന്റെ ലക്ഷണമാണിത്. ഭയരഹിതമായ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അതേസമയം നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസിലെ പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കീഴടങ്ങി. കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന മരട് പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനമായി എത്തിയാണ് കൊച്ചി മുന്‍മേയര്‍ ടോണി ചമ്മിണി ഉള്‍പ്പടെയുള്ളവര്‍ കീഴടങ്ങിയത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാണ് പ്രതികള്‍ കീഴടങ്ങുന്നത്. ജോജു ജോര്‍ജ് തങ്ങളുടെ സമരത്തെ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ടോണി ചമ്മിണി പ്രതികരിച്ചു.
ജോജു ജോര്‍ജ് സിപിഐഎമ്മിന്റെ കരുവായെന്നും ഒത്തുതീര്‍പ്പിനെ സിപിഐഎം അട്ടിമറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ സമരത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു. കോണ്‍ഗ്രസിന്റെ സമരമായതുകൊണ്ടാണ് ജോജു പ്രതികരിച്ചതെന്ന് പറഞ്ഞ അദ്ദേഹം തങ്ങള്‍ക്കെതിരായ പരാതി വ്യാജമാണെന്നും കൂട്ടിച്ചേര്‍ത്തു. ഇതിനിടെ കള്ളക്കേസെടുത്ത നടപടിക്കെതിരെ കോണ്‍ഗ്രസ് പകരം ചോദിക്കുമെന്ന് എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസും പ്രതികരിച്ചു.