കൊടകര കുഴല്‍പ്പണക്കേസില്‍ പ്രതിയുടെ ഭാര്യ അറസ്റ്റില്‍
കൊടകര കുഴല്‍പ്പണക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ പത്താംപ്രതി വെള്ളാങ്കല്ലൂര്‍ സ്വദേശി അബ്ദുള്‍ ഷാഹിദിന്റെ ഭാര്യ ജിന്‍ഷ ആണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും എട്ടര ലക്ഷം രൂപ അന്വേഷണ സംഘം പിടികൂടി. കൊടകര കുഴല്‍പ്പണ കേസിലെ കവര്‍ച്ചാപണം ഒളിപ്പിച്ചതിനാണ് അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. ജിന്‍ഷയുടെ അറസ്റ്റോടെ കൊടകര കുഴല്‍പ്പണ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 23 ആയി.പണം ബാങ്കില്‍ നിക്ഷേപിക്കാനായി എത്തിയപ്പോഴാണ് ജിന്‍ഷ അറസ്റ്റിലായത്. ഒന്നര ലക്ഷം രൂപ കൈവശം ഉണ്ടായിരുന്നതാണെന്നും, ബാങ്കില്‍ നിക്ഷേപിച്ച ഏഴ് ലക്ഷം രൂപ കൊടകരയില്‍ നിന്നു കവര്‍ച്ച ചെയ്തതാണെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.
ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയാണ് കൊടകരയില്‍ മൂന്നരക്കോടി രൂപ വാഹനം തടഞ്ഞ് തട്ടിയെടുത്തത്. ഇതില്‍ 1.47 കോടിയോളം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസില്‍ കുറ്റപത്രം നല്‍കി വിചാരണ തുടങ്ങാനിരിക്കെ ബാക്കി പണം കണ്ടെത്താനായി രണ്ടാംഘട്ട അന്വേഷണത്തിലാണ് പ്രത്യേക അന്വേഷണ സംഘം.നേരത്തെ കേസിലെ മുഖ്യപ്രതികളിലൊരാളായ ഇരിങ്ങാലക്കുട സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയും അറസ്റ്റിലായിരുന്നു.