സിനിമ ചിത്രീകരണം തടയല്‍ ; യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി
സംസ്ഥാനത്ത് സിനിമാ ചിത്രീകരണം തടയുമെന്ന യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനം. ജോജുവിനെതിരായ സമരം സിനിമാ മേഖലയാകെ പടര്‍ത്തരുതെന്ന് യോഗത്തില്‍ പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. സിനിമ സര്‍ഗാത്മക പ്രവര്‍ത്തനമാണ് ഈ വ്യവസായത്തെ തടയുന്ന രീതി ശരിയല്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു. ഇക്കാര്യം യൂത്ത് കോണ്‍ഗ്രസിനെ അറിയിക്കാനും തീരുമാനിച്ചു. അതേസമയം ജോജുവിനെതിരെ ഇന്നും യൂത്ത് കോണ്ഗ്രസിന്റെ സമരപരിപാടിയുണ്ടായിരുന്നു. സ്റ്റാര്‍ എന്ന ജോജുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ച എറണാകുളം ഷേണായീസ് തീയേറ്ററിലേക്ക് യൂത്ത് കോണ്‍?ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ജോജുവിന്റെ ചിത്രം പതിച്ച റീത്തുമായിട്ടായിരുന്നു പ്രകടനം. തീയേറ്ററിന് മുന്നില് റീത്ത് വെക്കുകയും ചെയ്തു
ജോജുവിന്റെ കാര്‍ തല്ലിത്തകര്‍ത്ത കേസില്‍ മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ ആറ് നേതാക്കളുടെ ജാമ്യേപക്ഷയില്‍ മജിസ്‌ട്രേറ്റ് കോടതി നാളെ വിധി പറയും. കാറിന്റെറെ ചില്ല് മാറ്റുന്നതിനുള്‍പ്പെടെ അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുള്ളത്. ഈ തുകയുടെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കണമെന്ന് പ്രതികളുടെ അഭിഭാഷകന്‍ ഇന്ന് വാദിച്ചു. എന്നാല്‍ കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവെക്കണമെന്നായിരുന്നു പ്രോസിക്യൂട്ടറുടെ വാദം. ക്യാന്‍സര്‍ രോഗിക്ക് വേണ്ടിയാണ് താന്‍ ഹൈവേ ഉപരോധത്തെ എതിര്‍ത്തതെന്ന ജോജുവിന്റെ മൊഴി കള്ളമെന്ന് തെളിഞ്ഞതായി പൊലീസിന്‌റെ റിമാന്‍ഡ് റിപ്പോര്‍ട് ചൂണ്ടിക്കാട്ടി പ്രതികള്‍ വാദിച്ചു. സിനിമാ സംബന്ധമായ യാത്രക്കിടെ തന്റെ വാഹനം തടഞ്ഞപ്പോല്‍ ജോജു പ്രതിഷധിക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് പ്രതികള്‍ ചൂണ്ടിക്കാട്ടി.
ഇന്ധന വിലവര്‍ദ്ധനക്കെതിരെ സമരം ശക്തമായി തുടരാനും ഇന്ന് ചേര്‍ന്ന കെപിസിസി യോഗത്തില്‍ തീരുമാനമായി. സമരത്തിന്റെ അടുത്ത പടിയായി സെക്രട്ടറിയേറ്റ് മുതല്‍ രാജ്ഭവന്‍ വരെ മനുഷ്യച്ചങ്ങല തീര്‍ക്കും. സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അറിയിച്ചു. സമരത്തില്‍ പങ്കെടുക്കാത്തത് സംബന്ധിച്ച തന്റെ ഇന്നലത്തെ വിശദീകരണം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും സതീശന്‍ പറഞ്ഞു ഇന്ധന വിലക്കെതിരെ ബ്ലോക്ക് തലം മുതല്‍ സമരം നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്. 21,22 തീയതികളില്‍ കെപിസിസി ഭാരവാഹി ക്യാമ്പ് നടത്താനും തീരുമാനമായി.