രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് ; സ്ഥാനാര്‍ഥി ജോസ് കെ മാണി തന്നെ

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് തന്നെ നല്‍കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനം. സീറ്റിനായി മറ്റ് കക്ഷികള്‍ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ല. കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ മാണി തന്നെ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫിലേക്ക് വരുമ്പോള്‍ ജോസ് കെ. മാണി രാജിവെച്ച രാജ്യസഭ സീറ്റിലേക്കാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാരെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി പറഞ്ഞിരുന്നു.

സ്ഥാനാര്‍ഥിയാകുമോയെന്ന ചോദ്യത്തിന് എല്ലാം ഉചിത സമയത്ത് പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു മറുപടി. കേരള കോണ്‍ഗ്രസിന്റേതാണ് ഒഴിവു വന്ന രാജ്യസഭ സീറ്റെന്നും ജോസ് കെ മാണി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ജോസ് കെ. മാണി മത്സരിക്കില്ലെന്നായിരുന്നു കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോസ് ടോം നേരത്തെ പറഞ്ഞിരുന്നത്. സ്റ്റീഫന്‍ ജോര്‍ജ് മത്സരിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. നവംബര്‍ 29നാണ് തെരഞ്ഞെടുപ്പ്. സംസ്ഥാന രാഷ്ട്രീയത്തില്‍ തുടര്‍ന്ന് പാലാ സീറ്റില്‍ വിജയിക്കണമെന്നാണ് ജോസ് കെ മാണിയുടെ ആഗ്രഹമെന്ന് വാര്‍ത്തയുണ്ടായിരുന്നു.