ഒളിച്ചോടില്ല ; എല്ലാ സംശയങ്ങള്‍ക്കും മറുപടി ഉണ്ടാകുമെന്ന് സ്വപ്ന സുരേഷ്
മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്ന് സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയില്‍ മോചിതയായ പ്രതി സ്വപ്ന സുരേഷ്. എല്ലാ സംശയങ്ങള്‍ക്കും മറുപടി ഉണ്ടാകും. അമ്മയ്‌ക്കൊപ്പം തിരുവന്തപുരത്ത് മാധ്യമങ്ങളെ കാണുമെന്നും സ്വപ്ന സുരേഷ് കൊച്ചിയില്‍ പറഞ്ഞു. കേസിന്റെ കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ അഭിഭാഷകനെ കാണാന്‍ എത്തിയതായിരുന്നു സ്വപ്ന. പലതും തുറന്ന് പറയാനുണ്ടെന്ന് സ്വപ്നയുടെ അമ്മ നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജയിലില്‍ നിന്ന് പുറത്തേക്ക് എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് എല്ലാറ്റിനോടും പിന്നീട് പ്രതികരിക്കുമെന്നാണ് സ്വപ്ന സുരേഷ് വ്യക്തമാക്കിയത്.
സ്വപ്നയെ കുടുക്കിയതാര്? ആരാണ് സ്വപ്നയുടെ ‘ബോസ്’? നയതന്ത്രബാഗേജ് വഴി എട്ട് തവണയോളം സ്വര്‍ണം കടത്താനുള്ള പദ്ധതി തയ്യാറാക്കിയതും സ്വപ്നയെ സഹായിച്ചതും ആര്? അറ്റാഷെ അടക്കമുള്ളവര്‍ക്ക് സ്വര്‍ണക്കടത്തിലുള്ള പങ്കെന്ത്? സരിത്തും മറ്റ് കൂട്ടുപ്രതികളുമല്ലാതെ ഈ കേസില്‍ കാണാമറയത്ത് ആരെങ്കിലുമുണ്ടോ? സ്വപ്നയെ കുടുക്കിയതെങ്കില്‍ ആരായിരുന്നു പിന്നില്‍? സംസ്ഥാനസര്‍ക്കാരിന് കീഴില്‍ ഐടി വകുപ്പിലെ ഉന്നതപദ്ധതികളിലൊന്നില്‍ സ്വപ്നയ്ക്ക് നിയമനം ലഭിച്ചതെങ്ങനെ? ആരാണ് ഈ നിയമനത്തിന് പിന്നില്‍? വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ സ്വപ്നയ്ക്ക് മുന്നില്‍ ഉന്നതനിയമനങ്ങള്‍ക്ക് വഴികള്‍ തുറന്നിട്ടതാര്? മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറുമായി സ്വപ്നയ്ക്കുള്ള ബന്ധമെന്ത്? എന്നിങ്ങനെ നൂറു കണക്കിന് ചോദ്യങ്ങളാണ് സ്വപ്നയോട് ചോദിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ തയ്യാറാക്കി വെച്ചിരിക്കുന്നത്.